പ്രമുഖ നടൻ ശരത് ബാബു അന്തരിച്ചു
Tuesday, May 23, 2023 12:17 AM IST
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ നടൻ ശരത് ബാബു(71) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ജനിച്ച ശരത് ബാബുവിന്റെ യഥാർഥ പേര് സത്യംബാബു ദീക്ഷിതുലു എന്നാണ്. 1973ൽ രാമരാജ്യം എന്ന സിനിമയിലൂടെയാണു ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇരുനൂറിലധികം സിനിമകളിൽ അഭിനയിച്ചു.
വക്കീൽ സാബ് ആണ് അവസാന ചിത്രം. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയിൽ തങ്കസൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, പ്രശ്നപരിഹാരശാല തുടങ്ങിയ മലയാളം സിനിമകളിലും തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൽ ശ്രദ്ധേയമായിരുന്നു.