ജബൽപുരിലെ അതിക്രമങ്ങളിൽ അതീവ വ്യസനം: സിബിസിഐ
Saturday, June 3, 2023 1:52 AM IST
ന്യൂഡൽഹി: മധ്യപ്രദേശിൽ പ്രത്യേകിച്ച് ജബൽപുർ കത്തോലിക്കാ രൂപതയിൽ നടക്കുന്ന അതിക്രമങ്ങളിൽ അതീവ വ്യസനമുണ്ടെന്ന് കാത്തലിക് ബിഷപ് കോൺഫ്രൻസ് ഓഫ് ഇന്ത്യ (സിബിസിഐ).
ഇതുവരെ മൂന്ന് പ്രധാന സംഭവങ്ങളുണ്ടായി. മാർച്ച് രണ്ടിനായിരുന്നു ആദ്യത്തേത്. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളും ജില്ലാ മേധാവിയും പോലീസ് അകമ്പടിയോടെ ഗൊരെഗട്ടിലുള്ള സെന്റ് ജോസഫ്സ് ബോയ്സ് ആൻഡ് ഗേൾസ് ബോർഡിംഗിലും പിറ്റേന്ന് ജുൻവാനിയിലുള്ള ജെഡിഇഎസ് ബോയ്സ് ആൻഡ് ഗേൾസ് ബോർഡിംഗിലും പരിശോധന നടത്തി.
മൂന്നാമത് മാർച്ച് 29ന് കട്നി ജിൻജരിയിലുള്ള ആശാ കിരൺ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു.മുൻകൂർ അനുമതിയില്ലാതെ റെയ്ഡ് നടത്തുകയും ഫയലുകൾ എടുത്തുകൊണ്ടുപോവുകയും കുട്ടികളെ ചോദ്യംചെയ്യുകയും ചെയ്തു.
നിർബന്ധിച്ച് പള്ളിയിൽ കൊണ്ടുപോകുന്നുണ്ടോയെന്നും ബൈബിൾ വായിപ്പിക്കുന്നുണ്ടോയെന്നുമാണ് കുട്ടികളോടു ചോദിക്കുന്നത്. അധികൃതരോട് അങ്ങേയറ്റം സഹകരിക്കുന്ന ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റിനെയും കുട്ടികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പരിശോധനയ്ക്കെത്തിയവർ സ്വീകരിച്ചത്.
കുട്ടികളെ ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന വ്യാജ ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. മേയ് 30ന് രൂപത നടത്തുന്ന അനാഥാലയത്തിൽ മതപരിവർത്തനം നടത്തുന്നു എന്ന പരാതി ജബൽപുർ ബിഷപ് ജെറാൾഡ് അൽമെയ്ഡയ്ക്കെതിരേ ഉന്നയിച്ചിരിക്കുകയാണ്.
ഒരടിസ്ഥാനവുമില്ലാതെ വർഷങ്ങളായി ഉയർത്തുന്ന മതപരിവർത്തന ആരോപണങ്ങൾ അവസാനിപ്പിക്കാൻ മധ്യപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും അടിയന്തരമായി ഇടപെടണമെന്നും സിബിസിഐ സെക്രട്ടറി ജനറൽ ആർച്ചബിഷപ് ഫെലിക്സ് മച്ചാഡോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.