ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തം അട്ടിമറിയാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടമുണ്ടായത് ഡ്രൈവറുടെ പിഴവോ സാങ്കേതികപ്രശ്നങ്ങളോ മൂലമാകാമെന്ന വാദം തള്ളിയ മന്ത്രി ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിലെ തിരിമറിയാണ് അട്ടിമറി സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതെന്നും വിശദീകരിച്ചു.
അപകടത്തിന്റെ മൂലകാരണവും പിന്നിൽ പ്രവർത്തിച്ചവരെയും തിരിച്ചറിഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിംഗ് ആൻഡ് പോയിന്റ് മെഷീനിൽ വരുത്തിയ മാറ്റങ്ങളാണ് അപകടത്തിനു കാരണമെന്നും ബാലസോറിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു.
അപകടകാരണം ഇലക്ട്രോണിക് ഇന്റർലോക്കിംഗ് അപാകത ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കൽ, പോയിന്റ് ഓപ്പറേഷൻ, ട്രാക്ക് നീക്കം എന്നിങ്ങനെ സിഗ്നലിംഗുമായി ബന്ധപ്പെട്ടുള്ള നിർണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റർലോക്കിംഗ്. പോയിന്റ് ഓപ്പറേഷനിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് റെയിൽവേ മന്ത്രിയും വിരൽ ചൂണ്ടുന്നത്. ട്രെയിനിന്റെ ദിശ നിർണയിക്കുന്ന പോയിന്റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണു കോറമാണ്ഡൽ എക്സ്പ്രസ് മെയിൻ ലൈനിൽനിന്ന് ലൂപ് ലൈനിലേക്കു നീങ്ങാൻ കാരണമായത്. 130 കിലോമീറ്റർ വേഗത്തിൽ മെയിൻ ലൈനിലൂടെ മുന്നോട്ടുപോകേണ്ട ട്രെയിൻ ലൂപ് ലൈനിലേക്കു കടന്ന് ഗുഡ്സ് ട്രെയിനിനെ ഇടിച്ചാണു വൻ ദുരന്തമുണ്ടായത്.
റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ മുന്പുള്ള ഡിസ്റ്റൻസ് സിഗ്നലും സ്റ്റേഷനിലേക്ക് കയറും മുന്പുള്ള ഹോം സിഗ്നലും പച്ച കത്തി കിടന്നതിനാലാണ് ലോക്കോപൈലറ്റ് ട്രെയിൻ മുന്പോട്ടെടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സിഗ്നൽ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും സ്റ്റേഷൻ മാസ്റ്ററുമാണ് പോയിന്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത്.
സിഗ്നലിംഗ് സംവിധാനം ചെയ്തതിൽ പിഴവുണ്ടായോ, ട്രാക്കിലെ അറ്റകുറ്റപ്പണികളിൽ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ റെയിൽവേ സേഫ്റ്റി കമ്മീഷണർ അന്വേഷണം നടത്തിവരികയാണ്.