സ്ത്രീകളെ വഞ്ചിച്ചു: ഹർസിമ്രത് കൗർ
Thursday, September 21, 2023 12:30 AM IST
ന്യൂഡൽഹി: പുരുഷമേധാവിത്വമുള്ള പാർലമെന്റ് സ്ത്രീകളെ ഒറ്റിക്കൊടുത്തുവെന്ന് അകാലിദൾ (എസ്എഡി) എംപി ഹർസിമ്രത് കൗർ ബാദൽ.
ബിജെപി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ ചെകുത്താൻ വന്നുവെന്ന് ഹർസിമ്രത് കൗർ കുറ്റപ്പെടുത്തി. വനിതാ ബില്ലിനെ ചോദ്യം ചെയ്തു സംസാരിക്കുകയായിരുന്നു ഹർസിമ്രത് കൗർ.
സെൻസസ് 2021ൽ നടക്കേണ്ടതായിരുന്നു. 2023 അവസാനിക്കാൻ പോകുന്നു. ഇതുവരെ സെൻസസ് നടന്നിട്ടില്ല. ഇനിയെപ്പോൾ സംഭവിക്കുമെന്ന് അറിയില്ല. സെൻസസിനുശേഷമാണ് ഡീലിമിറ്റേഷൻ നടക്കേണ്ടത്.
മണ്ഡല പുനർനിർണയം പൂർത്തിയാക്കിട്ടു മാത്രമേ വനിതാ സംവരണം നടപ്പിലാക്കുകയുള്ളൂവെന്ന് ബില്ലിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സർക്കാർ ഇതു നടപ്പാക്കാത്തപ്പോൾ എന്തിനാണ് ഈ ബിൽ കൊണ്ടുവന്നത്? പുരുഷ മേധാവിത്വമുള്ള ഈ പാർലമെന്റ് സ്ത്രീകളെ വഞ്ചിച്ചു. തികഞ്ഞ സ്ത്രീവഞ്ചനയാണിത്.- ഹർസിമ്രത് കൗർ ചൂണ്ടിക്കാട്ടി.