നീറ്റ്-പിജി കട്ട് ഓഫ് ഉദാരമാക്കി
Friday, September 22, 2023 3:59 AM IST
ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട് ഓഫ് മാർക്ക് പൂജ്യമാക്കി. ഇതോടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആർക്കും മെഡിക്കൽ പിജി പ്രവേശനം തേടാം.
ഇതുവരെ ജനറൽ വിഭാഗത്തിൽ 50-ാം പെർസെന്റൈൽ, പട്ടിക-പിന്നാക്ക വിഭാഗക്കാർക്ക് 40-ാം പെർസെന്റൈൽ, ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45-ാം പെർസെന്റൈൽ എന്നിങ്ങനെയായിരുന്നു കട്ട് ഓഫ്. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ എല്ലാ വിഭാഗങ്ങളിലും കട്ട് ഓഫ് പെർസെന്റൈൽ പൂജ്യമായിരിക്കുമെന്ന് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിലെ പിജി മൂന്നാം റൗണ്ട് കൗൺസലിംഗ് നടപടികൾ വീണ്ടും ആരംഭിക്കും. പുതിയ തീയതികൾ എംസിസി ഉടൻ പ്രഖ്യാപിക്കും. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് ചോയ്സ് എഡിറ്റിംഗിനും അവസരമുണ്ടാകും. 2000ത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ കട്ട് ഓഫ് 30ാം പെർസെന്റൈലായി കുറയ്ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.