മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കാന്നു
സ്വന്തം ലേഖകൻ
Thursday, September 28, 2023 5:49 AM IST
ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വികലാംഗനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. വടക്കു-കിഴക്കൻ ഡൽഹിയിലെ സുന്ദർനഗരി പ്രദേശത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് ഇസ്റാർ അഹമ്മദ് എന്ന യുവാവിനെ തൂണിൽ കെട്ടിയിട്ടു മർദിച്ചത്. മർദനമേറ്റ യുവാവ് പിന്നീട് മരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തിനു പിന്നിൽ വർഗീയവിഷയങ്ങളില്ലെന്നും പോലീസ് പറഞ്ഞു.
ആളുകൾ വടികളുപയോഗിച്ച് ഇസ്റാറിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദനമേറ്റ് അവശനായ മകനെ അയൽക്കാരനാണു വീട്ടിലെത്തിച്ചതെന്ന് ഇസ്റാറിന്റെ പിതാവ് അബ്ദുൽ വാജിദ് പറഞ്ഞു. താൻ വീട്ടിലെത്തിയപ്പോൾ മകന്റെ ശരീരത്തിൽ മുഴുവൻ മർദനമേറ്റതിന്റെ പാടുകളായിരുന്നു. മകനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പുതന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.