എം.എസ്. സ്വാമിനാഥൻ ഇനി ദീപ്തസ്മരണ
Sunday, October 1, 2023 1:33 AM IST
ചെന്നൈ: വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ നടത്തി.
എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ പൊതുദർശനത്തിനു വച്ച ഭൗതികദേഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഗവർണർ ആർ.എൻ. രവി, കേരളത്തിൽ നിന്ന് കൃഷിമന്ത്രി പി. പ്രസാദ്, വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ സംസ്കാരചടങ്ങുകളിൽ പങ്കെടുത്തു.
സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് ബസന്ത് നഗർ ശ്മശാനത്തിൽ എത്തിച്ചു. കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നിർവഹിച്ചശേഷം സംസ്കാരം പൂർത്തിയാക്കുകയായിരുന്നു.
രാജ്യത്തെ കാർഷിക സ്വയംപര്യാപ്തയിലേക്കു നയിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച പ്രതിഭയായ എം.എസ്. സ്വാമിനാഥൻ (98) കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.