മോദിവിരുദ്ധ വാർത്താ പോർട്ടൽ പൂട്ടി
Wednesday, October 4, 2023 1:47 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ചൈനാ ബന്ധവും പണം വാങ്ങിയതും ആരോപിച്ച് ന്യൂസ് ക്ലിക് വാർത്താ പോർട്ടലിന്റെ ഡൽഹിയിലെ കേന്ദ്ര ഓഫീസ് സീൽ ചെയ്തു. എഡിറ്റർ പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്തു. എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റി ലായിട്ടുണ്ട്.
ഈ വാർത്താ പോർട്ടലുമായി ബന്ധപ്പെട്ട പത്രപ്രവർത്തകരുടെ വീടുകളും ഓഫീസുകളും അടക്കം നൂറിലേറെ സ്ഥലങ്ങളിൽ ഇന്നലെ അതിരാവിലെ മുതൽ ഡൽഹി പോലീസ് സ്പെഷൽ സെൽ സംഘം നടത്തിയ വ്യാപക റെയ്ഡുകൾക്കൊടുവിലാണു ന്യൂസ് ക്ലിക് ഓഫീസ് അടച്ചു സീൽ ചെയ്തത്.
ചോദ്യംചെയ്യലിനായി ഏതാനും പത്രപ്രവർത്തകർ രാത്രിയിലും പോലീസ് കസ്റ്റഡിയിലാണ്.
കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ വാർത്തകൾ നൽകിയിരുന്ന ന്യൂസ് ക്ലിക് പോർട്ടൽ ഓഫീസ് സീൽ ചെയ്തതിലും പത്രാധിപരെ അറസ്റ്റ് ചെയ്തതിലും വ്യാപക പ്രതിഷേധം ഉയർന്നു.
പത്രസ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ ഉയരുന്ന ശബ്ദങ്ങളെ അമർച്ച ചെയ്യുന്നതിന്റെ പുതിയ ഉദാഹരണമാണിതെന്നും വിവിധ മാധ്യമ സംഘടനകൾ കുറ്റപ്പെടുത്തി. റെയ്ഡിനും അറസ്റ്റിനുമെതിരേ പ്രതിപക്ഷ "ഇന്ത്യ' സഖ്യവും കോണ്ഗ്രസ്, സിപിഎം, എഎപി, തൃണമൂൽ തുടങ്ങിയ പാർട്ടികളും പ്രതിഷേധിച്ചു.
ന്യൂസ് ക്ലിക് എഡിറ്റർ പുർകായസ്തയുടെയും ഡയറക്ടർമാരുടെയും ഓഫീസുകളിൽ 2021 ഫെബ്രുവരിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പുർകായസ്ത, എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി അന്നു കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീടു വിട്ടയച്ചിരുന്നു.
ന്യൂസ് ക്ലിക് പോർട്ടിലിലെ വാർത്തകളിലും ലേഖനങ്ങളിലും ചൈനീസ് സർക്കാരിന്റെ വാദങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസ് പത്രം കഴിഞ്ഞ ഓഗസ്റ്റിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യവിരുദ്ധ പ്രവർത്തനത്തിനെതിരേയുള്ള യുഎപിഎ വകുപ്പുകൾ ചുമത്തി കഴിഞ്ഞ ഓഗസ്റ്റ് 17ന് പുതുതായി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലത്തെ റെയ്ഡ്.
ചൈനയിൽനിന്ന് അമേരിക്ക വഴി 76.84 കോടി രൂപയുടെ ഫണ്ട് സ്വീകരിച്ചുവെന്ന ഇഡിയുടെ കണ്ടെത്തലിനെത്തുടർന്നാണു പോലീസ് നടപടിയെന്നാണു വിശദീകരണം. ഷാംങ്ഹായ് ആസ്ഥാനമായുള്ള അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘാമിന്റെ വിശ്വസ്തനും അടുത്ത സുഹൃത്തുമാണ് ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത എന്നാണ് ആരോപണം.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും പോലീസ് ഇന്നലെ റെയ്ഡ് നടത്തി. പാർട്ടിക്കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഈ വസതി. ഡൽഹി വസന്ത് കുഞ്ചിലെ സ്വകാര്യ വസതിയിലാണു യെച്ചൂരിയുടെ താമസം.
ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലായി 100 കേന്ദ്രങ്ങളിലെങ്കിലും ഇന്നലെ റെയ്ഡ് നടന്നു. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മെയിലുകളും അന്വേഷണ സം ഘം പരിശോധിച്ചു.
ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദിന്റെ മുംബൈയിലെ വീട്ടിലും അവർ എഡിറ്ററായ സബ്രാംഗ് ഇന്ത്യയുടെ ഓഫീസിലും റെയ്ഡ് നടന്നു. മൊബൈലുകൾ, കംപ്യൂട്ടറുകൾ, രേഖകൾ അടക്കം പലതും പോലീസ് കസ്റ്റഡിയിലെടുക്കുകയും പത്രപ്രവർത്തകരെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു.
എഴുത്തുകാരി ഗീതാ ഹരിഹരൻ, ന്യൂസ്ക്ലിക്കിലെ ഒരു ഷോയുടെ ഭാഗമായിരുന്ന സ്റ്റാൻഡ്-അപ് കൊമേഡിയൻ സഞ്ജയ് രജൗറയുടെ വീട്ടിലും ചരിത്രകാരൻ സൊഹൈൽ ഹാഷ്മിയുടെ വീട്ടിലും റെയ്ഡ് നടത്തി ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. പത്രപ്രവർത്തകർ തന്നെയാണ് എക്സിലൂടെയും മറ്റും റെയ്ഡ് വിവരം പുറത്തറിയിച്ചത്.
ടീസ്തയുടെ കുടുംബത്തിന് ഏകദേശം 40 ലക്ഷം രൂപയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്ജോയ് ഗുഹ താകുർത്തയ്ക്ക് ഏകദേശം 72 ലക്ഷം രൂപയും ഫണ്ട് കൈമാറ്റം ചെയ്തതായി ഇഡി അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.