ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി
Friday, December 1, 2023 2:20 AM IST
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി.
പുനർനിയനം ചട്ടവിരുദ്ധമായാണെന്നു കണ്ടെത്തിയ സുപ്രീംകോടതി, നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്നും പറഞ്ഞു.ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യതക്കുറവല്ല, നിയമനത്തിൽ ചട്ടം ലംഘിച്ചുവെന്നതാണ് നിയമനം റദ്ദാക്കാൻ കാരണമെന്നും ജസ്റ്റീസ് ജെ.ബി. പർദിവാല വിധിപ്രസ്താവത്തിൽ പറഞ്ഞു. പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതായും സുപ്രീംകോടതി അറിയിച്ചു.
പുനർനിയമന ഉത്തരവ് ചാൻസലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സർവകലാശാലാ ചാൻസലറായ ഗവർണർ ഔദ്യോഗിക അധികാരം അടിയറവച്ചു.
വിസി സ്ഥാനത്തേക്കുള്ള യോഗ്യതയെക്കുറിച്ച് കോടതി പരിശോധിച്ചിട്ടില്ല. അതു ചെയ്യേണ്ടത് നിയമനം നടത്തുന്ന അഥോറിറ്റിയാണ്. നിയമനം സംബന്ധിച്ച തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് അട്ടിമറി നടന്നിരിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പുനർനിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആണെന്നു ചൂണ്ടിക്കാട്ടി കേരള രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പും സുപ്രീംകോടതി പരിഗണിച്ചു.
കണ്ണൂർ സർവകലാശാലയുടെ നിയമപ്രകാരം 60 വയസ് കഴിഞ്ഞവരെ വിസിയായി നിയമിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പുനർനിയമനത്തിന് ഇതു ബാധകമാവില്ലെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ കെ.കെ. വേണുഗോപാൽ വാദിച്ചു.
രണ്ടു തവണയിൽ കൂടുതൽ നിയമനം പാടില്ലെന്നതു മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും പുനർനിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രനുവേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചിരുന്നു.
തുടർന്ന് ഈ വിഷയങ്ങളിലെ സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. എന്നാൽ, നിയമന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിയുടെ നിയമനം റദ്ദാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വിസിയുടെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാലാ സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കഡേമിക് കൗണ്സിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹർജി നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഇവരുടെ ഹർജി തള്ളിയിരുന്നു. തുടർന്നായിരുന്നു ഹർജക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി പരിഗണിച്ചത് നാലു കാര്യങ്ങൾ
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സംബന്ധിച്ച കേസിൽ സുപ്രീംകോടതി പരിഗണിച്ചത് നാലു കാര്യങ്ങൾ.
►നിശ്ചത കാലാവധിയുള്ള സ്ഥാനത്തേക്ക് പുനർനിയമനം സാധ്യമാണോ?
►പുനർനിയമനത്തിന് 60 വയസ് പ്രായപരിധി തടസമാണോ?
►നിയമനത്തിന്റെ നടപടിക്രമങ്ങൾ പുനർനിയമനത്തിൽ പിൻതുടരേണ്ടതുണ്ടോ?
►നിയമനത്തിൽ ചാൻസലർക്ക് നിയമപരമായ അധികാരം ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ടോ?
ഒക്ടോബർ 17നാണ് ഹർജിയിന്മേലുള്ള വാദം തീർന്ന് വിധിപറയാൻ മാറ്റിയത്. ചാൻസലറായ ഗവർണർ വൈസ് ചാൻസലർക്കെതിരായി സത്യവാങ്മൂലം നൽകിയിരുന്നു. ദാമ ശേഷാദ്രി നായിഡു, അതുൽ ശങ്കർ വിനോദ് എന്നിവരാണ് ഹർജിക്കാർക്കായി ഹാജരായത്.