പാക് അനുകൂല മുദ്രാവാക്യമെന്ന് ആരോപണം: കർണാടകയിൽ വിവാദം
Thursday, February 29, 2024 1:47 AM IST
ബംഗളുരു: കർണാടകയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയാഹ്ലാദത്തിനിടെ പാക് അനുകൂല മുദ്രാവാക്യം ഉയർന്നതായി പരാതി. കോൺഗ്രസ് സ്ഥാനാർഥി സയ്യിദ് നസീർ ഹുസൈന് അനൂകൂലമായി ഉയർന്ന മുദ്രാവാക്യങ്ങളിൽ പാക്കിസ്ഥാന് അനുകൂലമായതും ഉണ്ടായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആരോപിച്ചു. പാക് അനുകൂല മുദ്രാവാക്യം ഉയർന്നുവെന്നു സ്ഥിരീകരിച്ചാൽ കർക്കശ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ റിപ്പോർട്ടിലൂടെ ഇതു സ്ഥിരീകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നസീർ സാബ് സിന്ദാബാദ് എന്നു വിളിച്ചത് പാക്കിസ്ഥാൻ സിന്ദാബാദ് എന്നു തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
സംഭവത്തിൽ ബിജെപി നേതൃത്വം പോലീസിനെയും സമീപിച്ചിട്ടുണ്ട്. ബെലഗാവി, ചിത്രദുർഗ, മാണ്ഡ്യ തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അന്വേഷണം നടക്കുകയാണെന്നും നിജസ്ഥിതി ബോധ്യമായാൽ കർക്കശ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും പറഞ്ഞു.