ഡൽഹിയിൽ ബുൾഡോസർ വീണ്ടും; ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തകന്റെ കുടിലും ഇടിച്ചുനിരത്തി
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ഖജൂരിയിൽ അനധികൃത കൈയേറ്റം ആരോപിച്ച് ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയ വീടുകളിൽ ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ ടണലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ വാക്കീൽ ഹുസൈന്റെ കുടുംബവും.
മുൻകൂർ നോട്ടീസ് നല്കാതെയാണ് തന്റെ കുടിൽ ബുധനാഴ്ച ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തിയതെന്നും ഒരു രാത്രിമുഴുവൻ കെട്ടിടാവശിഷ്ടങ്ങൾക്കു സമീപം കിടക്കേണ്ടിവന്നുവെന്നു വാക്കീൽ പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായോടെ വസന്ത്കുഞ്ജിൽ ഗസ്റ്റ് ഹൗസ് നല്കാമെന്നും ഗോവിന്ദ്പുരിയിൽ പിന്നീടു വീടു നിർമിച്ചുനല്കാമുള്ള വാഗ്ദാനവുമായി ഉദ്യോഗസ്ഥർ സമീപിച്ചു.
എന്നാൽ ഹുസൈൻ അതു നിരസിച്ചു. 2016ൽ ഖജൂരിയിലെ ഈ സർക്കാർ ഭൂമി നേരത്തേ അധികൃതർ ഒഴിപ്പിച്ചതാണെന്നും 2017ൽ വാക്കീൽ ഹുസൈനുൾപ്പെടെയുള്ളവർ ഇവിടെ വീണ്ടും കുടിൽകെട്ടി താമസം തുടങ്ങിയതാണെന്നും അധികൃതർ പറഞ്ഞു.