ചന്ദ്രശേഖറിന്റെ മകൻ നീരജ് ബിജെപി സ്ഥാനാർഥി
Thursday, April 11, 2024 3:05 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ യുപിയിലെ ബള്ളിയ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി. നീരജ് അടക്കം ഒന്പത് പേരാണ് ബിജെപിയുടെ പത്താം സ്ഥാനാർഥിപ്പട്ടികയിൽ ഇടം കണ്ടത്.
മുതിർന്ന നേതാവ് എസ്.എസ്. അലുവാലിയ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ ജനവിധി തേടും. ബർധമാൻ-ദുർഗാപുർ മണ്ഡലത്തിലെ സിറ്റിംഗ് എംപിയാണ് അലുവാലിയ. നടൻ ശത്രുഘൻ സിൻഹയാണ് അസൻസോളിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി.
ചണ്ഡിഗഡിൽ സിറ്റിംഗ് എംപി കിരൺ ഖേറിനെ മാറ്റി സഞ്ജയ് ടാണ്ഡനെ സ്ഥാനാർഥിയാക്കി. 2014ലും 2019ലും കിരൺ ചണ്ഡിഗഡിൽനിന്നു വിജയിച്ചിരുന്നു. ജനസംഘം സ്ഥാപകനേതാവും മുൻ ഛത്തീസ്ഗഡ് ഗവർണറുമായ ബൽറാംജി ദാസ് ടാണ്ഡന്റെ മകനാണ് സഞ്ജയ്.