ഇക്കുറി കാലവർഷം നേരത്തേ
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: ചൂട് അനുദിനം കഠിനമാകുന്നതും വേനൽമഴയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതും ആശങ്കയ്ക്കിടയാക്കുന്നതിനിടെ ആശ്വാസ നിരീക്ഷണവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്വകാര്യ കാലാവസ്ഥാ മുന്നറിയിപ്പ് ഏജൻസിസായ സ്കൈമെറ്റും.
ഇക്കുറി രാജ്യത്തു കാലവർഷം പതിവിലും നേരത്തേ എത്താനാണു സാധ്യതയെന്നും കഴിഞ്ഞ വർഷത്തേക്കാളും മെച്ചപ്പെട്ട കാലവർഷം ഇക്കുറി ലഭിക്കുമെന്നുമാണ് ഇവരുടെ പ്രവചനം. മേയ് പകുതി വരെ നിലവിലെ ചൂട് തുടരും. തുടർന്ന് ഏതുസമയത്തും കാലവർഷമെത്താം.
ആഗോള കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന, സമുദ്രോപരിതലത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്ന പ്രതിഭാസമായ എൽനിനോ ദുർബലമായതാണു കാലവർഷം നേരത്തെയെത്താൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എൽനിനോ ദുർബലമായാൽ എതിർ പ്രതിഭാസമായ ലാ നിനോ രൂപപ്പെടാമെന്നും ഇത് അധികം മഴ ലഭിക്കാനിടയാക്കുമെന്നും നിഗമനമുണ്ട്.