പിന്മാറില്ലെന്നു ബിജെപി വിമതൻ ഈശ്വരപ്പ
Sunday, April 14, 2024 1:02 AM IST
ശിവമോഗ: മത്സരരംഗത്തുനിന്നും പിന്മാറില്ലെന്ന് ശിവമോഗയിലെ ബിജെപി വിമതനും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. സ്വതന്ത്ര സ്ഥാനാർഥിയായി വെള്ളിയാഴ്ചയാണ് ഈശ്വരപ്പ പത്രിക സമർപ്പിച്ചത്.
ബിജെപിയുടെ സിറ്റിംഗ് എംപിയും മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനുമായ ബി.വൈ. രാഘവേന്ദ്രയും കോൺഗ്രസിന്റെ ഗീത ശിവരാജ്കുമാറുമാണ് എതിർസ്ഥാനാർഥികൾ.
വിമതനാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈശ്വരപ്പ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. മകൻ കെ.ഇ. കാന്തേഷിന് ഹാവേരി ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷപദവി വരെ വഹിച്ച ഈശ്വരപ്പ വിമതവേഷം എടുത്തണിഞ്ഞത്.
മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മകനും ശിക്കാരിപുര എംഎൽഎയുമായ വിജയേന്ദ്രയുമാണ് സീറ്റ് നിഷേധത്തിനു പിന്നിലെന്ന് ഈശ്വരപ്പ ആരോപിക്കുന്നു.