പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കും
Saturday, May 25, 2024 2:15 AM IST
ന്യൂഡൽഹി: ലൈംഗികാരോപണക്കേസിനെത്തുടർന്ന് രാജ്യംവിട്ട കർണാടകയിൽ നിന്നുള്ള ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നീക്കം.
ആദ്യപടിയായി പ്രജ്വൽ രേവണ്ണയ്ക്കു കാരണംകാണിക്കൽ നോട്ടീസ് അയച്ചു. കർണാടക സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് വിദേശകാര്യമന്ത്രാലയമാണു ഇ മെയിലായി നോട്ടീസ് അയച്ചത്.
പ്രജ്വൽ രേവണ്ണ ഇപ്പോൾ ജർമനിയിലുണ്ടെന്നാണു വിവരം. ഹാസനിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച പ്രജ്വൽ മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 27 നുശേഷമാണ് ജർമനിയിലേക്കു പോയത്. നയതന്ത്ര പാസ്പോർട്ട് റദ്ദായാൽ ഇയാൾക്കു ജർമനിയിൽ തുടരുന്നതിനുള്ള നിയമസാധുത ഇല്ലാതാകും.