ബൂത്ത് തല വോട്ടിംഗ് വിവരങ്ങൾ ഇത്തവണ പ്രസിദ്ധീകരിക്കില്ല; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Saturday, May 25, 2024 2:15 AM IST
ന്യൂഡൽഹി: വോട്ടിംഗ് വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അടുത്ത റൗണ്ട് വോട്ടെടുപ്പിൽ തുടങ്ങി ഓരോ ഘട്ടത്തിനുശേഷവും ഫോം 17 (സി) പ്രസിദ്ധപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
എന്നാൽ, വോട്ടിംഗ് നടക്കുന്ന അവസരത്തിൽ ഇത്തരം ആവശ്യങ്ങൾ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബുദ്ധിമുട്ടുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നിലവിൽ തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടം കൂടി ബാക്കിയുണ്ട്. ഈ സാഹചര്യത്തിൽ ഈ വിവരങ്ങൾ പുറത്തുവിടുന്നത് കൂടുതൽ സങ്കീർണത സൃഷ്ടിക്കുമെന്ന് ജസ്റ്റീസുമാരായ ദീപങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന അവധിക്കാല ബെഞ്ച് പറഞ്ഞു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) കോടതിയെ സമീപിച്ചത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ കണക്കിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ടിഎംസി നേതാവ് മഹുവ മൊയ്ത്ര 2019ൽ സമർപ്പിച്ച റിട്ട് ഹർജിയും ഈ ഹർജിയ്ക്കൊപ്പം പരിഗണിച്ചു.
എഡിആറിന്റെ അപേക്ഷ അടിസ്ഥാനരഹിതവും തെറ്റായ ആരോപണവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് വാദിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിൽ ജുഡീഷറി ഇടപെടരുതെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 329 ഉദ്ധരിച്ച് മനീന്ദർ സിംഗ് പറഞ്ഞു.
അതേസമയം, ഫോം 17 സി വെബ്സൈറിൽ പ്രസിദ്ധീകരിക്കുന്നത് ദുരുപയോഗത്തിനു വഴിതെളിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഇത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. നിലവിലെ ചട്ടങ്ങളനുസരിച്ച് ഫോം 17 സി സ്ഥാനാർഥിയുടെ പോളിംഗ് ഏജന്റിനു മാത്രമാണ് നൽകുന്നത്.