അസംതൃപ്തരുടെ എണ്ണം കൂടുന്നു; ഷിൻഡെ ശിവസേനയ്ക്കും പ്രശ്നം
Tuesday, June 11, 2024 2:18 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി കൂടുന്നു. സർക്കാർ രൂപീകരിച്ച് രണ്ടു ദിവസം ആകുന്നതിനു മുന്‍പുതന്നെ അതൃപ്തി മറനീക്കി പുറത്തുവന്നു. സഹമന്ത്രിസ്ഥാനം മാത്രം നൽകിയതിനാൽ അജിത് പവാറിന്റെ എൻസിപി മന്ത്രിസ്ഥാനം സ്വീകരിച്ചില്ല.
ഒരു എംപി മാത്രമുള്ളതിനാൽ സഹമന്ത്രിസ്ഥാനം മാത്രം നൽകാമെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഏഴ് എംപിമാരുള്ള ശിവസേന ഷിൻഡെ വിഭാഗത്തിനും സഹമന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്. അതൃപ്തി പ്രകടിപ്പിച്ചെങ്കിലും സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായ ശിവസേനയിലെ പ്രതാപ് ജാദവ് സത്യപ്രതിജ്ഞ ചെയ്തു.
അഞ്ച് എംപിമാരുള്ള ചിരാംഗ് പാസ്വാന്റെ എൽജെപിആർവി, രണ്ട് എംപിമാരുള്ള ജനതാദൾ-എസ്, ഏക എംപി മാത്രമുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച എന്നിവർക്ക് കാബിനറ്റ് പദവി നൽകിയതാണ് അതൃപ്തിക്കു കാരണം. നാല് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട ടിഡിപിയുടെ രണ്ടു മന്ത്രിമാരും ജെഡിയുവിന്റെ രണ്ടു മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
നാല് മന്ത്രിമാരും ആന്ധ്രപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവിയുമാണ് ടിഡിപിയും ജെഡിയും ആവശ്യപ്പെട്ടത്. സ്പീക്കർ സ്ഥാനവും ടിഡിപി ആവശ്യപ്പെട്ടിരുന്നു.
നാലു മന്ത്രിസഭാ ബെർത്ത് ലഭിക്കാത്തതിൽ ടിഡിപി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന നരേന്ദ്ര മോദി മൂന്നാം സർക്കാരിന്റെ ആദ്യ കാബിനറ്റ് മീറ്റിംഗിൽ ടിഡിപി മന്ത്രിമാർ പങ്കെടുക്കില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ പിന്നീട്, അനുനയ നീക്കത്തിലൂടെ പങ്കെടുത്തു. പ്രമുഖ വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യുന്നതിലും ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നേക്കും.
സാധാരണ തെരഞ്ഞെടുപ്പിലൂടെ ഒരു പുതിയ സർക്കാർ രൂപീകരിച്ചാൽ അതിനു സ്ഥിരത കൈവരിക്കാൻ ആറുമാസത്തെ സമയമെടുക്കും. മന്ത്രിസഭയുടെ ഹണിമൂണ്‍ കാലമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്ന ഈ സമയത്ത് സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടാവുകയാണെങ്കിലും വലിയ പ്രതിഷേധം ഉയരാറില്ല.
എന്നാൽ, മോദി മൂന്നാം സർക്കാരിന്റെ ഹണിമൂണ്‍ കാലം രണ്ടുവർഷമായിരിക്കുമെന്നാണ് വിലയിരുത്തൽ. രണ്ടു വർഷം വരെ അനുനയനീക്കവുമായി സർക്കാർ മൂന്നോട്ടു പോയേക്കും. രണ്ടുവർഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർബന്ധിത വിരമിക്കൽ പ്രായം ആവുകയും ബിഹാർ പോലുള്ള സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്യും.
പ്രത്യേക സംസ്ഥാന പദവി അനുവദിച്ചു കിട്ടിയാലും ജാതി സെൻസസ് രാജ്യവ്യാപകമായി നടത്തിയാലും ഇതു പ്രചാരണായുധമാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാണ് ജെഡിയു ശ്രമിക്കുക. ഇവ നടന്നില്ലെങ്കിൽ സഖ്യം വിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനും നീക്കമുണ്ട്.
ജെ.പി. നഡ്ഡ മന്ത്രിസഭയിലേക്ക് എത്തുന്പോൾ ബിജെപി ദേശീയ അധ്യക്ഷനായി ആരു വരുമെന്ന ആകാംക്ഷയുമുണ്ട്. മന്ത്രിസഭയിൽ ഇടം പിടിക്കാത്ത അനുരാഗ് സിംഗ് ഠാക്കൂർ അധ്യക്ഷനാകുമെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പേരും പരിഗണനയിലുണ്ട്.
നഡ്ഡയ്ക്കു പകരം ബിജെപി ദേശീയ അധ്യക്ഷനായി പരിഗണിക്കപ്പെട്ടേക്കുമെന്നു കരുതിയവർ മൂന്നാം മോദി സർക്കാരിൽ മന്ത്രിമാരായി. പാർട്ടി അധ്യക്ഷസ്ഥാനം സംബന്ധിച്ച് അന്തിമതീരുമാനം ആർഎസ്എസ് ആയിരിക്കും എടുക്കുക.