തീരാവേദനയിലും അഭിമാനമായി ധീരസൈനികർ
Wednesday, July 17, 2024 1:04 AM IST
ഡാർജിലിംഗ്/ജുൻജുനു: ജമ്മു കാഷ്മീരിലെ ദോഡയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരസൈനികരുടെ വിയോഗത്തിൽ നടങ്ങി രാജ്യം. പശ്ചിമബംഗാളിലെ ഡാർജിലിംഗ് സ്വദേശിയാണു വീരമൃത്യുവരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ. രാജസ്ഥാനിലെ ജുൻജുനു സ്വദേശികളാണു സിപ്പോയിമാരായ അജയ് സിംഗും ബിജേന്ദ്രയും.
രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ മകനെയോർത്ത് അഭിമാനിക്കുകയാണെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് കേണൽ ഭുവനേഷ് കെ. ഥാപ്പ പറഞ്ഞു. തന്റെ പാത പിന്തുടർന്ന് സൈന്യത്തിൽ ചേരണമെന്നു ചെറുപ്പത്തിലേ ബ്രിജേഷ് തീരുമാനിച്ചിരുന്നുവെന്ന് റിട്ട.കേണലായ ഭുവനേഷ് താപ്പ പറഞ്ഞു.
തീരാവേദനയിലും സൈനികനടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളിൽ എല്ലായ്പ്പോഴും അപകസാധ്യതയുണ്ട്. ഏതുതരത്തിലുള്ള വെല്ലുവിളികളും സൈനികർ ആത്മാർഥതയോടെ നേരിടും. ധീരമായും ആത്മാർഥമായുമാണ് ബ്രിജേഷ് തന്റെ ദൗത്യം നിർവഹിച്ചത്. എൻജിനിയറിംഗ് പഠനത്തിനുശേഷമാണു മകൻ സൈന്യത്തിൽ ചേർന്നതെന്നു പറഞ്ഞ അദ്ദേഹം ഞായറാഴ്ചയാണ് അവസാനമായി ടെലിഫോണിൽ സംസാരിച്ചതെന്നും പറഞ്ഞു.
സൈനികനടപടിക്കിടെ രണ്ടു ധീരസൈനികരെ നഷ്ടമായതിന്റെ തീരാവേദനയിലാണു രാജസ്ഥാനിലെ ജുൻജുനു. ജില്ലയിലെ ഭൈസാവതകലൻ ഗ്രാമത്തിൽനിന്നുള്ള അജയ് സിംഗും ദുമോളി കലൻ ഗ്രാമത്തിലെ ബിജേന്ദ്രയുമാണു വീരമൃത്യുവരിച്ചത്.
ആറുവർഷം മുന്പാണ് അജയ് സിംഗ് സൈന്യത്തിൽ ചേർന്നത്. 2021ലായിരുന്നു അജയ് സിംഗിന്റെ വിവാഹം. അജയ് സിംഗിന്റെ പിതാവും സൈനികനായിരുന്നു. ബുധനാഴ്ചയോടെ അജയ് സിംഗിന്റെ ഭൗതിക ശരീരം ഗ്രാമത്തിലെത്തിക്കുമെന്നാണ് വിവരമെന്നും നാട്ടുകാർ പറഞ്ഞു.
ബിജേന്ദ്രയുടെ ജന്മഗ്രാമമായ ദുമോളി കലനും ദുഃഖഭരിതമാണ്. ബിജേന്ദ്ര കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി വീട്ടിലെത്തിയതെന്ന് അയൽവാസികൾ പറഞ്ഞു.