റവ.ഡോ. സഹായരാജ് തമ്പുരാജ് തഞ്ചാവൂർ ബിഷപ്
Wednesday, July 17, 2024 1:04 AM IST
കോയന്പത്തൂർ: തിരുച്ചിറപ്പള്ളിയിലെ വൈദികനായ ഫാ. സഹായരാജ് തമ്പുരാജിനെ(55) തഞ്ചാവൂർ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യമ്പട്ടിയിൽ 1969 മാർച്ച് 14 നാണ് ഫാ. സഹായരാജ് തമ്പുരാജ് ജനിച്ചത്. ചെന്നൈ പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1996 ഏപ്രിൽ 17ന് വൈദികനായി. മദ്രാസ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.
തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നീ ജില്ലകളും ഉൾപ്പെടുന്ന രൂപതയ്ക്ക് 9,583 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. പുതുക്കോട്ട ജില്ലയിലെ ആറു താലൂക്കുകളും കടലൂർ ജില്ലയിലെ രണ്ടു താലൂക്കുകളും ഇതിൽ ഉൾപ്പെടുന്നു. ലോകപ്രശസ്തമായ വേളാങ്കണ്ണി ബസിലിക്ക തഞ്ചാവൂർ രൂപതയുടെ അധികാരപരിധിയിലാണ്.