മണിപ്പുരിൽനിന്ന് ആദ്യ സുപ്രീംകോടതി ജഡ്ജി
Wednesday, July 17, 2024 1:04 AM IST
ന്യൂഡൽഹി: മണിപ്പുരിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റീസ് എൻ. കോടീശ്വർ സിംഗ്. സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത നിയമനം അംഗീകരിച്ച് കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനം പുറത്തിറക്കി.
നിലവിൽ ജമ്മു-കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് കോടീശ്വർ സിംഗ്. ഇദ്ദേഹത്തിനൊപ്പം മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആർ. മഹാദേവനെയും സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.
ഇരുവരുടെയും നിയമനം അംഗീകരിച്ച് രാഷ്ട്രപതി വിജ്ഞാപനത്തിൽ ഒപ്പിട്ടതോടെ സുപ്രീംകോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 34 ആയി. കഴിഞ്ഞ 11നാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ഇരുവരുടെയും നിയമനത്തിന് കേന്ദ്രത്തോടു ശിപാർശ ചെയ്തത്.
അതേസമയം, ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ച്, ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ചശേഷം രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ രാഷ്ട്രപതി നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
2023 ഫെബ്രുവരി മുതൽ ജമ്മു-കാഷ്മീർ, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് കോടീശ്വർ സിംഗ്. മണിപ്പുരിലെ ആദ്യ അഡ്വക്കറ്റ് ജനറലായ എൻ. ഇബോതോംബി സിംഗിന്റെ മകനാണ്. 1986ൽ അഭിഭാഷക ജോലി ആരംഭിച്ച അദ്ദേഹം ജഡ്ജിയാകുന്നതിനു മുന്പ് മണിപ്പുർ അഡ്വക്കറ്റ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.