കൂറുമാറ്റ രാഷ്ട്രീയത്തിനു വൻ തിരിച്ചടി; ബിജെപിയിൽ ചേക്കേറിയ 63 ശതമാനം പേരും തോറ്റു
Wednesday, July 17, 2024 1:04 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരെയും എംഎൽഎമാരെയും നേതാക്കളെയും കൂറുമാറ്റിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിരുന്ന ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയെത്തി ബിജെപി ടിക്കറ്റിൽ മത്സരിച്ച 63 ശതമാനം പേരും തോറ്റുതൊപ്പിയിട്ടു. കഴിഞ്ഞയാഴ്ച ഏഴു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ കൂറുമാറ്റ സ്ഥാനാർഥികളിൽ മഹാഭൂരിപക്ഷം പേരും കനത്ത തോൽവിയാണു നേരിട്ടത്.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ കുതിരക്കച്ചവടവും കൂറുമാറ്റവും ബൂമറാംഗ് പോലെ തിരിച്ചടിക്കുന്നതായാണു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. 2016 മുതൽ 2023 വരെ കൂറുമാറ്റക്കാരിൽ ഭൂരിപക്ഷവും വിജയിച്ചിരുന്ന സ്ഥിതിവിശേഷമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ തകിടം മറിഞ്ഞത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ കാലുമാറ്റക്കാരുടെ ഗതി വീണ്ടും മോശമായി. ചാഞ്ചാട്ടക്കാരിലേറെ പേരെയും ഇത്തവണ വോട്ടർമാർ കൈവിട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകിയ കൂറുമാറിയെത്തിവരിൽ 37 ശതമാനം പേർ മാത്രമാണു ജയിച്ചത്. മറ്റു പാർട്ടികളിൽനിന്ന് കൂറുമാറിയെത്തിയ 110 പേരെ ബിജെപി സ്ഥാനാർഥികളാക്കിയെങ്കിലും 69 പേരും (63%) തോറ്റു.
യുപിയിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച 22 കാലുമാറ്റക്കാരിൽ 12 പേരും പരാജയം രുചിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ബിജെപി രംഗത്തിറക്കിയ കൂറുമാറ്റക്കാരായ എല്ലാവരെയും വോട്ടർമാർ പരാജയപ്പെടുത്തി. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ദുർബലമായതും ബിജെപിക്ക് ശക്തിയുള്ളതുമായ മണ്ഡലങ്ങളിൽ മത്സരിച്ച 41 പേർ മാത്രമാണു ലോക്സഭയിലെത്തിയത്.
എന്നാൽ, 2016നും 2020നും ഇടയിൽ കൂറുമാറിയ 433 എംഎൽഎമാരിൽ പകുതിയിലേറെ പേരും (52%) സീറ്റ് നിലനിർത്തിയിരുന്നു. 2016 മുതൽ നാലു വർഷക്കാലം 357 പേർ എംഎൽഎമാർ ആയിരിക്കെയാണ് ബിജെപിയിലേക്കു കാലുമാറിയത്. ബിജെപിയിൽ ചേർന്നു നേട്ടമുണ്ടാക്കാൻ ശ്രമിച്ച ഈ 357 എംഎൽഎമാരിൽ 170 പേർ (48%) ജയിച്ചു. ശേഷിച്ച 187 എംഎൽഎമാരും തോറ്റു.
കഴിഞ്ഞദിവസം ഫലം പ്രഖ്യാപിച്ച 13 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ആറു കൂറുമാറ്റക്കാരിൽ നാലുപേരും ദയനീയമായി പരാജയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും ജയിച്ച് ബിജെപി തൂത്തുവാരിയ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ കൂറുമാറ്റക്കാരെ ജനം വീട്ടിലിരുത്തി. ഉത്തരാഖണ്ഡിലെ ബിജെപി കോട്ടയെന്നു കരുതിയിരുന്ന ബദരീനാഥിൽ കൂറുമാറിയെത്തിയ ബിജെപി സ്ഥാനാർഥി രാജേന്ദ്ര ഭണ്ഡാരിക്കു കനത്ത തോൽവിയാണു നേരിട്ടത്.
ഹിമാചൽ പ്രദേശിലും അടുത്തിടെ ബിജെപിയിലേക്കു ചേരിമാറിയ ഹോഷിയാർ സിംഗും ക്രിഷൻ ലാൽ ഠാക്കൂറും കോണ്ഗ്രസ് സ്ഥാനാർഥികളോടു ദയനീയമായി തോറ്റു. ഹാമിർപുരിലെ ബിജെപി സ്ഥാനാർഥി ആശിഷ് ശർമ മാത്രമാണ് കൂറുമാറ്റക്കാരിൽ കഷ്ടിച്ചു ജയിച്ചത്. എന്നാൽ പശ്ചിമബംഗാളിൽ ബിജെപി വിട്ട് തൃണമൂൽ കോണ്ഗ്രസിലെത്തി മത്സരിച്ചവരെല്ലാം ജയിച്ചു. ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽ നാലു സീറ്റുകളിലും ബിജെപിയെ തകർത്ത് മമത ബാനർജിയുടെ ടിഎംസി തൂത്തുവാരിയതും കേന്ദ്രത്തിലെ ഭരണകക്ഷിക്കു കനത്ത പ്രഹരമായി.
ഉത്തരേന്ത്യയിൽ കുപ്രസിദ്ധി നേടിയ ആയാറാം ഗയാറാം രാഷ്ട്രീയം ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഹിന്ദി മേഖലയിൽപ്പോലും ഇനി ചെലവാകില്ലെന്നാണ് പുതിയ ജനവിധികളുടെ സൂചന. രാഷ്ട്രീയ കുതിരക്കച്ചവടം ജനം അംഗീകരിക്കില്ലെന്നതാണു പുതിയ ഫലസൂചന. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതുമുതൽ ബിജെപിയിലേക്കുള്ള കാലുമാറ്റം കൂടിയിരുന്നു.
കേന്ദ്ര അന്വേഷണ ഏജൻസികളും ആദായനികുതി വകുപ്പും മുതൽ നേരിട്ടും പരോക്ഷവുമായ ഭീഷണികളും വൻതോതിലുള്ള പണവും മന്ത്രിസ്ഥാനം അടക്കമുള്ള പ്രലോഭനങ്ങളും ഉപയോഗിച്ചായിരുന്നു കൂറുമാറ്റം പ്രോത്സാഹിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, മണിപ്പുർ, ഗോവ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകൾ കൂറുമാറ്റത്തിലൂടെ തകർത്താണു ബിജെപിയും സഖ്യകക്ഷികളും അധികാരം പിടിച്ചത്. പ്രതിപക്ഷ എംപിമാരിൽ പലരെയും റാഞ്ചിയെടുത്താണു രാജ്യസഭയിലും ബിജെപി അംഗബലം കൂട്ടിയത്.