സംവരണ വിഭാഗങ്ങളുടെ ഉപവിഭാഗീകരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ കോണ്ഗ്രസ് ചർച്ച ചെയ്യുകയാണെന്നും വിവിധ സംസ്ഥാനങ്ങളിലെ ബുദ്ധിജീവികളുമായും നേതാക്കളുമായും ചർച്ച ചെയ്തശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം, പട്ടികജാതി-വർഗ സംവരണത്തിൽ ക്രീമിലെയറിനു വ്യവസ്ഥയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.
ഭരണഘടനയിലെ വ്യവസ്ഥകളോട് എൻഡിഎ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇക്കാര്യത്തിൽ നിയമനിർമാണത്തിന് ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുവെന്ന മറുപടിയിലൂടെ മന്ത്രി ഒഴിഞ്ഞുമാറി. ഇതോടെ, നിയമനിർമാണം ഇല്ലാതെ നടപ്പാക്കില്ലെന്ന പ്രസ്താവനയിൽ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ കരുതുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ നിർദേശം നടപ്പാക്കാൻ ഏതെങ്കിലും സംസ്ഥാനം തീരുമാനിച്ചാൽ അതിനു തടസമില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടി.
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ മേൽത്തട്ടുകാരെ കണക്കുകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിന് (ഉപവർഗീകരണം) ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച് 6: 1 ഭൂരിപക്ഷ വിധിയിൽ നിർദേശിച്ചിരുന്നു. മേൽത്തട്ടുകാർക്ക് സംവരണ ആനുകൂല്യം ഇനിയാവശ്യമില്ലെന്ന നിലപാടിലാണ് പരമോന്നത കോടതി.
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ മേൽത്തട്ടുകാരെ തിരിച്ചറിയാനും സംവരണത്തിൽനിന്ന് ഒഴിവാക്കാനും സംസ്ഥാനങ്ങൾ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ബി.ആർ. ഗവായ് പറഞ്ഞിരുന്നു. ജസ്റ്റീസുമാരായ വിക്രംനാഥ്, പങ്കജ് മിത്തൽ, സതീഷ് ചന്ദ്ര മിശ്ര എന്നിവരും ഈ ശിപാർശയോട് യോജിച്ചു.
ചീഫ് ജസ്റ്റീസ് ഇതേക്കുറിച്ച് നിലപാട് വ്യക്തമാക്കിയതുമില്ല. കൂടുതൽ അധഃസ്ഥിതരായ ജാതികളിൽപ്പെട്ടവരുടെ ശക്തീകരണത്തിന് മേൽത്തട്ടുകാരെ ഒഴിവാക്കേണ്ടതുണ്ടെന്നാണ് ഭൂരിപക്ഷ ജഡ്ജിമാരുടെ അഭിപ്രായം.