പ്രധാനമന്ത്രിക്കുവേണ്ടി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ പ്രമുഖർ വെള്ളിയാഴ്ച രാത്രി യെച്ചൂരിയുടെ ദക്ഷിണഡൽഹിയിലെ വസന്ത് കുഞ്ജിലെ വസതിയിലെത്തി അനുശോചനം അറിയിച്ചു.
വിദേശത്തായതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്നലെ എത്താനായില്ലെന്നും നേരത്തേ എയിംസ് ആശുപത്രിയിൽ ചെന്നു രോഗവിവരം അന്വേഷിച്ചിരുന്നുവെന്നും കോണ്ഗ്രസ് നേതാക്കൾ അറിയിച്ചു.
പുതിയ ജനറൽ സെക്രട്ടറി; തീരുമാനം ഉടൻ ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല ആർക്കെന്ന് വൈകാതെ തീരുമാനിക്കും. അടുത്തവർഷം ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോണ്ഗ്രസ് വരെയാകും താത്കാലിക ചുമതല.
പ്രായപരിധി കഴിഞ്ഞെങ്കിലും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ഭാര്യ വൃന്ദ കാരാട്ട് എന്നിവരിലൊരാളെയോ എം.എ. ബേബി, മണിക് സർക്കാർ എന്നിവരിലൊരാളെയോ ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതലയിലേക്ക് പിബി നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പിബിയുടെ നിർദേശം പരിഗണിച്ച് പിന്നീട് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് അന്തിമതീരുമാനമെടുക്കുക.