യുപിയിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Tuesday, October 15, 2024 2:06 AM IST
ബഹ്റൈച്ച് (യുപി): ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബഹ്റൈച്ച് ജില്ലയിലെ മൻസൂർ സ്വദേശിയായ രാം ഗോപാൽ മിശ്ര (22)യാണ് കൊല്ലപ്പെട്ടത്. കല്ലേറിലും വെടിവയ്പിലും നിരവധിപേർക്ക് പരിക്കേറ്റു.
ഘോഷയാത്ര മൻസൂർ ഗ്രാമത്തിലെ മഹാരാജ്ഗഞ്ച് ബസാറിലൂടെ കടന്നുപോകുന്പോഴായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് വർഗീയ സംഘർഷമുണ്ടായതായി പോലീസ് പറഞ്ഞു. ഫഖർപുർ ടൗണിലും മറ്റ് ചില സ്ഥലങ്ങളിലും ഘോഷയാത്രകൾ റദ്ദാക്കി.
അക്രമത്തെ അപലപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞു. വിഗ്രഹ നിമജ്ജനം തുടരണം. അത് കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് മതസംഘടനകൾ ഉറപ്പുവരുത്തണം.
നിമജ്ജനം നടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.