ബാങ്കുകൾക്ക് ജാഗ്രത വേണം; മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഗവർണർ
Tuesday, October 15, 2024 2:06 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡിജിറ്റൈസേഷന്റെ കാലത്തു നിർമിത ബുദ്ധിയുടെ ദുരുപയോഗവും ഓണ്‍ലൈൻ തട്ടിപ്പുകളും കൂടിവരുന്നതിനാൽ ബാങ്കുകൾ ജാഗ്രത പാലിക്കണമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.
ആഗോളതലത്തിൽ ധനകാര്യ സേവനങ്ങളിൽ നിർമിത ബുദ്ധിയുടെയും (എഐ) മെഷീൻ ലേണിംഗിന്റെയും വർധിച്ചുവരുന്ന ഉപയോഗം മൂലമുള്ള അപകടസാധ്യതകൾ ലഘൂകരിക്കാൻ ബാങ്കുകൾക്കു മതിയായ സംവിധാനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതിൽ പല അപകടങ്ങളുണ്ട്. നിർമിത ബുദ്ധിയുടെ സാങ്കേതിക ദാതാക്കൾക്കു വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കാം.
കുറച്ചു സാങ്കേതിക ദാതാക്കൾ ആധിപത്യം സ്ഥാപിക്കുന്പോൾ കോണ്സണ്ട്രേഷൻ റിസ്കുകൾക്കും ഇടയാക്കും. ഇതിൽ വ്യവസ്ഥാപരമായ അപകടസാധ്യതകളുണ്ടെന്ന് റിസർവ് ബാങ്ക് ഇന്നലെ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഉന്നതതല സമ്മേളനത്തിൽ ഗവർണർ പറഞ്ഞു.
സൈബർ ആക്രമണങ്ങൾക്കും ഡേറ്റാ ലംഘനങ്ങൾക്കും അടക്കം നിർമിത ബുദ്ധിയുടെ ഉപയോഗത്തിൽ പുതിയ അപകടങ്ങളുണ്ട്. ഈ സിസ്റ്റങ്ങളിലെ പരാജയങ്ങളോ തടസങ്ങളോ സാന്പത്തിക മേഖലയിലുടനീളം വ്യാപിച്ചേക്കാം. നിർമിത ബുദ്ധി സംവിധാനങ്ങളുടെ സുതാര്യതയില്ലായ്മ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
കടം കൊടുക്കുന്നയാളുടെ തീരുമാനങ്ങൾ അടക്കം സാന്പത്തിക തീരുമാനങ്ങൾ നയിക്കുന്ന അൽഗോരിതങ്ങൾ ഓഡിറ്റ് ചെയ്യുന്നതോ വ്യാഖ്യാനിക്കുന്നതോ ബുദ്ധിമുട്ടാണെന്നും ശക്തികാന്ത ചൂണ്ടിക്കാട്ടി. വ്യവസ്ഥാപരമായ അപകടസാധ്യതകൾ ഇതു വർധിപ്പിക്കുമെന്നും ദാസ് കൂട്ടിച്ചേർത്തു.
ഓണ്‍ലൈൻ ബാങ്കിംഗും സോഷ്യൽ മീഡിയയുടെ വ്യാപനവും മൂലം പണ കൈമാറ്റം നിമിഷങ്ങൾക്കുള്ളിൽ നടക്കുന്നു. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും വളരെ വേഗത്തിൽ പ്രചരിക്കുകയും ചെയ്യുന്നു. പണലഭ്യത സമ്മർദത്തിനു കാരണമാവുകയും ചെയ്യും.
അതിനാൽ ബാങ്കുകളുടെ പണലഭ്യത ബഫറുകൾ ശക്തിപ്പെടുത്തണം. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ അപകടസാധ്യതകൾക്കെതിരേ മതിയായ നടപടികൾ കൈക്കൊള്ളണമെന്ന് ദാസ് നിർദേശിച്ചു.
പണമയയ്ക്കലിന്റെ ചെലവും സമയവും കുറയ്ക്കാം
വിദേശത്തേക്കു പണം അയയ്ക്കുന്നതിന്റെ ചെലവും സമയവും കുറയ്ക്കുന്നതിനു വളരെയധികം സാധ്യതകളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള വളരുന്ന വികസ്വര സന്പദ്വ്യവസ്ഥകൾക്ക് അന്താരാഷ്ട്ര (ക്രോസ് ബോർഡർ പിയർ-ടു-പിയർ) പേയ്മെന്റുകളുടെ ആരംഭ പോയിന്റാണു പണമയയ്ക്കൽ.
കൂടാതെ ഡോളർ, യൂറോ, പൗണ്ട് തുടങ്ങിയ പ്രധാന കറൻസികളിലെ ഇടപാടുകൾ തീർപ്പാക്കാൻ തത്സമയ മൊത്ത സെറ്റിൽമെന്റ് (ആർടിജിഎസ്) വിപുലീകരിക്കുന്നതിനുള്ള സാധ്യതകളുമുണ്ടെന്ന് ദാസ് പറഞ്ഞു.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പുറത്തിറക്കിയ വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2024 അനുസരിച്ച്, കഴിഞ്ഞ വർഷം 1,11,000 കോടി ഡോളറാണ് (111 ബില്യണ്‍) ഇന്ത്യയുടെ പണമയയ്ക്കൽ. മറ്റെല്ലാ രാജ്യങ്ങളെയും മറികടന്നാണിത് ഉയർന്നത്.
മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ് എന്നീ ആസിയാൻ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ആഭ്യന്തര തത്ക്ഷണ പേയ്മെന്റ് സിസ്റ്റങ്ങളെ (ഐപിഎസ്) പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് തത്ക്ഷണ പേയ്മെന്റുകൾ പ്രാപ്തമാക്കുന്നതിനുള്ള ബഹുമുഖ സംരംഭമായ പ്രോജക്റ്റ് നെക്സസ് ഇതിൽ ഉൾപ്പെടുന്നു.
സിംഗപ്പൂർ, യുഎഇ, മൗറീഷ്യസ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി കടന്നുള്ള പേയ്മെന്റ് ലിങ്കേജുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അന്താരാഷ്ട്ര പണമിടപാടുകൾ കാര്യക്ഷമമാക്കാൻ ശേഷിയുള്ള മറ്റൊരു മേഖലയാണെന്ന് റിസർവ് ബാങ്ക് ഗവർണർ വിശദീകരിച്ചു.