അമേരിക്ക പുറത്താക്കിയ 104 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
Thursday, February 6, 2025 4:50 AM IST
അമൃത്സർ: അമേരിക്ക പുറത്താക്കിയ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനികവിമാനം പഞ്ചാബിലെ അമൃത്സറിലെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 1.55ന് അമൃത്സറിലിറങ്ങിയ വിമാനത്തിൽ 104 പേരാണുണ്ടായിരുന്നത്. നാടുകടത്തപ്പെട്ടവരിൽ 30 പേർ പഞ്ചാബിൽനിന്നുള്ളവരാണ്.
ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് 33 പേർ വീതവും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നു മൂന്ന് പേർ വീതവും രണ്ടു പേർ ചണ്ഡിഗഡിൽനിന്നും ഉള്ളവരാണ്. ഇന്ത്യയിലെത്തിയവരിൽ 80 പേർ പുരുഷന്മാരും 24 സ്ത്രീകളുമാണ്. യുഎസ് സൈനിക വിമാനമായ സി-17ൽ 205 അനധികൃതകുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
യുഎസിൽനിന്നു നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ ആദ്യ സംഘമാണ് ഇന്നലെ എത്തിയത്.
പരിശോധനകൾക്കു ശേഷം ഇവരെ വീടുകളിലേക്കു മടങ്ങാൻ അനുവദിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. തിരികെ എത്തിയവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുണ്ടോയെന്നാണു പോലീസ് പരിശോധിക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്നവർക്കു വേണ്ടി പ്രത്യേക കൗണ്ടർ തുററക്കുമെന്നു പഞ്ചാബ് സർക്കാർ അറിയിച്ചു.
നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്നത് കൈവിലങ്ങണിയിച്ചാണെന്ന് കോൺഗ്രസ്. 2013ൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക അപമാനിച്ചതിനു തുല്യമാണ് ഈ നടപടിയെന്നും കോൺഗ്രസ് പറഞ്ഞു.
ഖോബ്രഗഡെയ്ക്കെതിരായ നടപടിയിൽ അന്നത്തെ യുപിഎ സർക്കാർ ശക്തമായി പ്രതികരിച്ചതോടെ അമേരിക്ക ഖേദപ്രകടനം നടത്തിയതായും കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരെ കൈകൾ ബന്ധിച്ച് അപമാനിക്കുന്നതിന്റെ ചിത്രങ്ങൾ കാണുന്നത് ഇന്ത്യക്കാരനെന്ന നിലയിൽ ദുഃഖിപ്പിക്കുന്നതായും പവൻ ഖേര പറഞ്ഞു.