മ്യാൻമറിൽ പട്ടാളത്തിനെതിരേ ബുദ്ധസന്യാസിമാർ
Saturday, September 25, 2021 11:01 PM IST
യാങ്കോൺ: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരേ ബുദ്ധസന്യാസിമാരുടെ പ്രതിഷേധപ്രകടനം. 2007ൽ മുൻ പട്ടാളഭരണകൂടത്തിനെതിരേ സന്യാസിമാർ നടത്തിയ മാർച്ചിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു ഇന്നലത്തെ പ്രകടനം.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേയിലെ തെരുവുകളിൽ മാർച്ച് ചെയ്ത സന്യാസിമാർ, ആംഗ് സാൻ സൂചി അടക്കം തടവിലുള്ള ജനാധിപത്യ നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു.
പട്ടാളം ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചത്. ഇതിനെതിരേ ജനം നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്തുകയാണ്. പട്ടാളനടപടിയിൽ 1100നു മുകളിൽ പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 8400 പേർ അറസ്റ്റിലാവുകയും ചെയ്തു.
മൂന്നര പതിറ്റാണ്ടു തുടർന്ന പട്ടാള ഭരണകൂടത്തിനെതിരേ 2007ൽ ബുദ്ധസന്യാസിമാർ നടത്തിയ മാർച്ചിനെ പട്ടാളം അടിച്ചമർത്തിയിരുന്നു. 31 സന്യാസിമാർ കൊല്ലപ്പെട്ടു.