പാപ്പുവ ന്യൂഗിനിയ മണ്ണിടിച്ചിലിൽ: 2,000 പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടു
Tuesday, May 28, 2024 12:35 AM IST
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ പർവതപ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
ആറു പേരുടെ മൃതദേഹം മാത്രമാണു കണ്ടെടുക്കാനായത്. പാപ്പുവ ന്യൂഗിനിയ സർക്കാർ ഔദ്യോഗികമായി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു.
രക്ഷാപ്രവർത്തനത്തിനു മറ്റു രാജ്യങ്ങളുടെ സൈനികസഹായമുൾപ്പെടെ ആവശ്യമുണ്ടെന്ന് പാപ്പുവ ന്യൂഗിനിയ യുഎന്നിനെ അറിയിച്ചു.
എന്ഗ പ്രവിശ്യയിലെ യംബലിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. 150ഓളം വീടുകൾ മണ്ണിനടിയിലായി.
നാലു ദിവസം പിന്നിട്ടെങ്കിലും ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.