സംഗീതത്തിന്റെ തേൻമലർമണം ജി.ദേവരാജന്റെ 95-ാം ജന്മവാർഷികം ഇന്ന്
1225004
Monday, September 26, 2022 11:37 PM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുന്പ് അതായത് രണ്ടായിരത്തിൽ ജി. ദേവരാജൻ മാസ്റ്ററോട് ചോദിച്ചിരുന്നു. "എന്താണ് മനോഹരമായ ഈ ഈണങ്ങൾക്കു പിന്നിൽ?' സ്വതസിദ്ധമായിരുന്ന ഒരു പ്രത്യേക നോട്ടത്തോടെ മാസ്റ്റർ മറുപടി പറഞ്ഞുപ്രയത്നം, അതുതന്നെ എന്റെ കൈയിൽ കിട്ടുന്ന ഒരു ഗാനത്തിനു ഏറ്റവും ഉചിതമായൊരു ഈണം നല്കുക, അതാണ് എന്റെ ലക്ഷ്യം. അതിനു തന്നെയാണ് ശ്രമിക്കുക. ഗാനത്തിനു, വരികൾക്കു, വാക്കുകൾക്കു എന്തിനു അക്ഷരത്തിനു വരെ യോജിച്ചതായിരിക്കണം ഈണം എന്നെനിക്കു നിർബന്ധമുണ്ട്.
രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്പോൾ, മാസ്റ്റർ ഭൂമി വിട്ടുപോയിട്ട് 16 വർഷങ്ങളും കടന്നു പോകുന്പോൾ ജി. ദേവരാജൻ എന്ന ഇന്ദ്രജാലക്കാരൻ പറയാതെ പോയ ഉത്തരങ്ങളും മുന്നിൽ വരുന്നു. അല്ലെങ്കിൽ കാലം ഓരോ ദിനവും ദേവരാജ സംഗീതത്തെക്കുറിച്ച് ഓരോരോ കണ്ടെത്തലുകൾ നടത്തുന്നു. സംഗീത-മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്റെയും പരന്പരാഗത ഗാനങ്ങളൊക്കെ നന്നായി പാടിയിരുന്ന കൊച്ചുകുഞ്ഞിന്റെയും മകനായി ജനിച്ച ജി. ദേവരാജന്റെ പ്രതിഭാവിലാസം കൂടി തന്നെയാണ് ആ ഗാനങ്ങളെ ഇത്രമേൽ അനുഭൂതിദായകമാക്കുന്നത്. മാസ്റ്റർ തന്നെ പറഞ്ഞതുപോലെ ഏറ്റവും പൂർണതയോടെ ഒരീണം സൃഷ്ടിക്കുക എന്ന സംഗീതസംവിധായകന്റെ ലക്ഷ്യവും പ്രയത്നവും മറക്കുന്നില്ല. എങ്കിലും ദൈവവിശ്വാസിയല്ലാത്ത ജി. ദേവരാജന്റെ ഈണങ്ങളിൽ എങ്ങുനിന്നോ ഒരനുഗ്രഹ സ്പർശം വന്നു വീണിരുന്നു. മാസ്റ്ററുടെ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്ന് ഒരിക്കൽ ചോദിച്ചിരുന്നു. ‘പാരിജാതം തിരുമിഴി തുറന്നു....’, ‘കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു...,’ ‘പ്രളയ പയോധിയിൽ....’, ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...’ അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും മാധുര്യം തുളുന്പുന്ന ഏതെങ്കിലുമൊരു ഗാനത്തിലേക്ക് മാസ്റ്ററുടെ മനസെത്തും എന്ന ചിന്തയെ മുറിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് - എല്ലാം എന്റെ മക്കളല്ലേ. ഒരുപോലെ തന്നെ ഇഷ്ടവും. മൂക്ക് പതിഞ്ഞതെങ്കിലും, എല്ലുന്തിയതെങ്കിലും ആരെങ്കിലും മക്കളെ വെറുക്കാറുണ്ടോ? ഉത്തരത്തിനൊപ്പം മാസ്റ്റർ ചിരിക്കുകയും ചെയ്തു. നേരത്തേ പറഞ്ഞത് പോലെ ഓരോ ദിവസം കഴിയുംതോറും ജി. ദേവരാജന്റെ ഗാനങ്ങളുടെ ആസ്വാദ്യത ഏറിയേറി വരികയാണ്. സംഗീത വാട്സ് ആപ് ഗ്രൂപ്പുകളിൽ ഇന്നു ഏറെ പ്രചരിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും ദേവരാജന്റെ സംഗീതം തന്നെയാണ്. ഗാനമേളകളിലും റിയാലിറ്റി ഷോകളിലും, എഴുത്തിലും ദേവരാജൻ നിറഞ്ഞു നില്ക്കുന്നു. മലയാളം ആസ്വാദകർ എന്നെന്നും ആ ഗാനങ്ങൾ കേട്ട് മതിമറക്കുന്പോൾ സ്വന്തം ഗാനങ്ങൾ കേൾക്കുന്ന പതിവ് ദേവരാജൻ മാസ്റ്റർക്കു ഉണ്ടായിരുന്നില്ല. ആ പ്രതികരണം കേൾക്കുക. ഈണം നൽകി കഴിഞ്ഞാൽ പാട്ടുകളൊക്കെ ഞാൻ ആസ്വാദകർക്കു വിട്ടുകൊടുക്കുകയാണ്. ഉൾക്കൊള്ളുകയോ തള്ളുകയോ ചെയ്യട്ടെ. അതവരുടെ ഇഷ്ടം. ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങൾ കേട്ടുകേട്ട് ഇരിക്കുന്ന പതിവും മാസ്റ്റർക്കുണ്ടായിരുന്നില്ല.
സ്ഥിരമായി റേഡിയോ കേൾക്കുന്ന ശീലമേയില്ല. അടിസ്ഥാനപരമായി ഞാൻ ഒരു കർണാടക സംഗീതജ്ഞനാണ്. ശാസ്ത്രീയ സംഗീതം കേൾക്കുവാനാണ് എന്നും ഇഷ്ടം. നല്ല കച്ചേരികൾ എവിടെ ഉണ്ടെങ്കിലും കേൾക്കുവാൻ പോകാറുണ്ട്.നിർമമത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഒരു മാറിനില്ക്കലും ജി. ദേവരാജൻ എന്ന സംഗീത സംവിധായകന്റെ വലിയ ഈടുവയ്പ്പായിരുന്നു.സംഗീതം പകരുക എന്ന തന്റെ ധർമത്തിലും കർമത്തിലുമായിരുന്നു ജി. ദേവരാജൻ ഉറച്ചു നിന്നിരുന്നത്. ഹൃദയം കൊണ്ട് ഏറെ അടുപ്പുള്ള വയലാറിന്റെ ഗാനത്തിനു ഈണം പകരുന്പോൾ ഒരു വികാരം, പുതിയൊരു ഗാനരചയിതാവിന്റെ വരികളെ സ്പർശിക്കുന്പോൾ മറ്റൊരു വികാരം അങ്ങനെയൊന്നും ദേവരാജനുണ്ടായിരുന്നില്ല എന്നർഥം. വൈകാരികതയെക്കാൾ ഏറെ, പരിപൂർണത സൃഷ്ടിക്കുക എന്നതിനായിരുന്നു പ്രാധാന്യം നല്കിയിരുന്നത് എന്നും മാസ്റ്റർ പറഞ്ഞിരുന്നു. ആ വാക്കുകൾ കുറിക്കാം...
ഒരു പ്രത്യേക ഗാനരചയിതാവിന്റെ പാട്ടുകൾ എന്നൊന്നും ചിന്തിച്ചിട്ടില്ല. ഈണം നല്കുന്പോൾ എല്ലാ ഗാനങ്ങളെയും സമീപിക്കുന്നത് ഒരേ ആത്മാർഥതയോടെ തന്നെ. പ്രശസ്തരുടെ പാട്ടുകൾ മാത്രമേ ചിട്ടപ്പെടുത്തൂ എന്ന നിബന്ധനയും വച്ചിട്ടില്ല. വയലാറിന്റെ ഗാനമായാലും, എഴുതി തുടങ്ങുന്ന ഒരാളുടെ ഗാനമായാലും ഒരുപോലെയാണ് കണ്ടിരുന്നത്.
കവി ആരെന്നോ, ഏതെന്നോ ചികഞ്ഞു നോക്കാതെ ആത്മാർത്ഥമായി സ്വന്തം ദൗത്യം നിർവഹിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നാണ് ദേവരാജൻ മാസ്റ്റർ പറയുക. ‘പാട്ടിന്റെ സന്ദർഭത്തിനു വളരെ പ്രാധാന്യം നല്കിയിരുന്നു’. പിന്നെ കവിതയുടെ അർഥം, കവിയുടെ മനസ്സ് - ഒട്ടും ചോർന്നു പോകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. - ഇതായിരുന്നു സംവിധാനശൈലിയെക്കുറിച്ചുള്ള മറുപടി. എങ്കിലും വയലാറിന്റെ കരളിനോട് ചേർന്ന് നിന്ന് സന്യാസിനി നിൻ പുണ്യാശ്രമത്തിൽ എന്ന് പാടുന്പോഴും, പി. ഭാസ്ക്കരന്റെ ആർദ്ര ഹൃദയത്തിൽ ഇഴചേർന്ന് ഇത്രനാൾ ഇത്രനാൾ എങ്ങായിരുന്നു നീ എന്നു വിങ്ങുന്പോഴും നമ്മൾ ദേവരാജന്റെ നെഞ്ച് തൊട്ടറിയുന്നു. ഒ.എൻ.വിയുടെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ... എന്ന സ്വപ്നം യേശുദാസിന്റെ ഗന്ധർവസ്വരത്തിൽ കേൾക്കുന്പോഴും ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നതിന്റെ മദഗന്ധം ശ്രീകുമാരൻ തന്പിയുടെ വരികളിൽ വിരൽമുക്കി നമ്മളെ അനുഭവിപ്പിക്കുന്പോഴും ജി. ദേവരാജന്റെ ഹൃദയം തന്നെയല്ലേ തുടിക്കുന്നത്?