മെഡിക്കൽ കോളജിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ നടപടി: മന്ത്രി വീണാ ജോർജ്
1244380
Wednesday, November 30, 2022 12:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗിക്ക് വാർഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദർശന സമയം വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റെയും സെക്യൂരിറ്റി ചീഫിന്റെയും നമ്പരുകൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും. അലാം സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സംഭവത്തെ തുടർന്ന് മന്ത്രി വിളിച്ചു ചേർത്ത പോലീസിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും പിജി ഡോക്ടർമാരുടേയും യോഗത്തിലാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പോലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാൻ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്നങ്ങളും മെഡിക്കോ ലീഗൽ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടൻ തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഡിഐജി നിശാന്തിനി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻ, സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാർ, പിജി ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.