മാൻകൊമ്പും മാരകായുധങ്ങളുമായി യുവാവ് അറസ്റ്റിൽ
1417635
Saturday, April 20, 2024 6:24 AM IST
വിതുര: മാൻകൊമ്പും, മാരകയുധങ്ങളും, എയർഗണുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന് കിട്ടിയ രഹസ്യ വിവരത്തിന്റ് അടിസ്ഥാനത്തിൽ ഡാൻസഫ് ടീം നടത്തിയ അന്വേഷണത്തിലാണ് വിതുര കല്ലാർ ചിറ്റാർ സ്വദേശി ഷഫീക് (35) എന്ന ചിറ്റാർ ഷഫീക് പിടിയിലായത്.
ഇന്നലെ വൈകുന്നേരമായിരുന്നു പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം, ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
സമീപ കാലത്ത് വിതുരയിൽ കാർ അടിച്ചു തകർത്ത കേസിലും, ഒരു വീട്ടിൽ ബോംബ് എറിഞ്ഞ കേസിലും അറസ്റ്റിലായി ജയിലിൽ കിടന്നശേഷം രണ്ട് മാസം മുൻപാണ് ഇയ്യാൾ പുറത്തിറങ്ങിയത്.
ഷഫീഖിന്റെ വീട്ടിൽ ആയുധ നിർമാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയ്യാൾ പിടിയിലായത്.
ഇന്നലെ വലിയമല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഷഫീഖിന്റെ വീട് വളഞ്ഞായിരുന്നു ഇയ്യാളെ പിടികൂടിയത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ഒരു മുറിയിൽ ആയുധ നിർമാണങ്ങളും, വെടിമരുന്നും കണ്ടെത്തിയതായി പോലീസ് പറയുന്നു.