ഓട്ടോറിക്ഷയിൽ ഇടിച്ച വാഹനം നിർത്താതെ പോയി
1458342
Wednesday, October 2, 2024 6:36 AM IST
കാട്ടാക്കട: ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ നട്ടെല്ലിന് പരിക്കേറ്റു.
സാരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ ആമച്ചൽ തൃക്കാഞ്ഞിപുരം ക്ഷേത്രത്തിന് സമീപത്താണ് അലക്ഷ്യമായെത്തിയ ഡൽഹി രജിസ്ട്രേഷനുള്ള മഹീന്ദ്ര എക്സ്യൂവി വാഹനം മുന്നിലൂടെ പോയ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്.
സംഭവ ശേഷവും മുൻപും രണ്ട് ബൈക്കുകൾ ഈ വാഹനത്തിന് മുന്നിൽ പെടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടം നടന്ന ഉടനെ ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ രാധാകൃഷ്ണ (63) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇയാളുടെ നട്ടെല്ലിന് ഗുരുതരമായാണ് പരിക്കേറ്റത്. കാട്ടാക്കട പോലീസിന് നൽകിയ പരാതിയിൽ സിസിടിവി കാമറകൾ ഉൾപ്പെടെ പരിശോധിച്ച് വാഹനത്തെ കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട്.
അതേസമയം ഡൽഹിയിൽ നിന്നും വാങ്ങി ഒറ്റശേഖരമംഗലം ഭാഗത്തുള്ള ആൾക്ക് വേണ്ടി കൊണ്ടു വരികയായിരുന്നു വാഹനം എന്നും വിവരമുണ്ട്.
കാറിൽ ഉണ്ടായിരുന്നവർ ചെറുപ്പക്കാരാണെന്നും ഇവർ മദ്യലഹരിയിലാണോയെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു.