സ്കൂൾ ഭരണ ചുമതല വിദ്യാർഥികൾക്ക് നൽകി
1459988
Wednesday, October 9, 2024 8:05 AM IST
തിരുവനന്തപുരം. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുദിവസത്തെ സ്കൂൾ ഭരണ ചുമതല വിദ്യാർഥികൾക്ക് നൽകി മാതൃകയായി. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെയും അന്താരാഷ്ട്ര അധ്യാപക ദിനാചരണത്തിന്റെയും ഭാഗമായിട്ടുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അധ്യാപകരെ ശാക്തീകരിക്കുക, പ്രതിരോധശേഷി ശക്തിപെടുത്തുക, സുസ്ഥിരത കെട്ടിപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര അധ്യാപക ദിനാചരണ സന്ദേശം.
സ്കൂൾ ചെയർമാൻ മഹാദേവൻ പ്രിൻസിപ്പലിന്റെ ചുമതല നിർവഹിച്ചു. ഗൗരി സതീശായിരുന്നു ഡപ്യൂട്ടി പ്രിൻസിപ്പൽ. ഹൈസ്കൂൾ വിഭാഗത്തിൽ വൈസ് പ്രിൻസിപ്പലായി അഭിജിത്ത് വി.എസും ഡപ്യൂട്ടി വൈസ് പ്രിൻസപ്പലായി ആയില്യ കൃഷ്ണയും പ്രവർത്തിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ സ്കൂൾ ഭരണത്തിന്റെ ഒരുദിവസത്തെ ചുമതല വിദ്യാർഥി പ്രതിനിധികൾക്ക് കൈമാറിയതോടെയാണ് സ്കൂൾ ഭരണത്തിന്റെ അധികാര കൈമാറ്റം യാഥാർഥ്യമായത്.
തുടർന്ന് വിദ്യാർഥി പ്രിൻസിപ്പൽ സ്റ്റുഡന്റ് അധ്യാപകരുടെ യോഗം ചേർന്നു. 197 വിദ്യാർഥികൾ അധ്യാപകരായി ക്ലാസുകൾ എടുത്തു. മികച്ച വിദ്യാർഥി അധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടവരെ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അനുമോദിച്ചു. എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ് വികാരി ജനറാൾ മോൺ. ഡോ. വർക്കി അറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, പിടി എ പ്രസിഡന്റ് ഡോ.ജോജു ജോൺ, കെ.ഒ.തോമസ്, ബർസാർ ഫാ.നിതീഷ് വല്യ യ്യത്ത് തുടങ്ങിയവർ പ്രസംഗിച്ചു.