പൂവച്ചൽ ഖാദർ പാർക്കിന്റെ നിർമാണോദ്ഘാടനം ഇന്ന് നടക്കും
1461152
Tuesday, October 15, 2024 1:20 AM IST
തിരുവനന്തപുരം: പ്രശസ്തകവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ ഓർമയ്ക്കായി പൂവച്ചൽ പഞ്ചായത്തിൽ പാർക്ക് നിർമിക്കുന്നു. പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി സജി ചെറിയാൻ ഇന്ന് വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം ചെയ്യും. പൂവച്ചൽ മിനി നഗറിൽ നടക്കുന്ന പരിപാടിയിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരിക്കും.
അടൂർ പ്രകാശ് എംപിമുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. സരസ്വതി സമ്മാൻ ജേതാവ് പ്രഭാവർമയെ ചടങ്ങിൽ ആദരിക്കും. രണ്ടു കോടിയോളം രൂപയാണ് പാർക്കിന്റെ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ ആദ്യ ഗഡുവായ 50 ലക്ഷം രൂപയും പൂവച്ചൽ പഞ്ചായത്തിന്റെ വിഹിതമായ 35 ലക്ഷം രൂപയും ചേർത്ത് 85 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ, ജില്ലാ പഞ്ചായത്തംഗം വി. രാധിക ടീച്ചർ എന്നിവരും പങ്കെടുക്കും.