സാമ്പിള്‍ ശേഖരണത്തിനു വൈറോളജി വാഹനം എത്തി
1566939
Friday, June 13, 2025 7:06 AM IST
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് കാമ്പസിലെ ആശുപത്രികളില്‍ നിന്നും വൈറോളജി വിഭാഗത്തിലേയ്ക്കുള്ള സാമ്പിളുകള്‍ സ്വീകരിക്കാന്‍ ആശുപത്രിക്കുള്ളില്‍ സംവിധാനമായി.
ഇതിനായി തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ സ്പെസിമെന്‍ കളക്ടിംഗ് വാന്‍ കാമ്പസിനുള്ളിലെത്തി സാമ്പിളുകള്‍ സ്വീകരിച്ചു തുടങ്ങി.
മെഡിക്കല്‍ കോളജ് മള്‍ട്ടി ഡിസിപ്ളിനറി റിസര്‍ച്ച് ലാബില്‍ പരിശോധിക്കാത്ത വൈറല്‍ രോഗങ്ങളുടെ സാമ്പിളുകളാണ് വാനില്‍ സ്വീകരിക്കുന്നത്. ഈ സാമ്പിളുകള്‍ തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ കൊണ്ടുപോയാണ് പരിശോധിക്കുന്നത്.
പരിശോധനാഫലം രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അയച്ചു കൊടുക്കും. രോഗികളും ബന്ധുക്കളും സാമ്പിളുമായി തോന്നയ്ക്കല്‍ വരെ പോകേണ്ടതില്ല എന്നതാണ് ഈ സംവിധാനം കൊണ്ടുള്ള പ്രധാന നേട്ടം. മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 9.30 മുതല്‍ 12.30 വരെ സാമ്പിളുകള്‍ സ്വീകരിക്കും.