സ്വർണാഭരണവും പണവും കവർന്നയാൾ അറസ്റ്റിൽ
1567213
Saturday, June 14, 2025 6:54 AM IST
മെഡിക്കൽ കോളജ്: ചികിത്സയ്ക്കെത്തിയ ആളുടെ കൂട്ടിരിപ്പുകാരിയുടെ സ്വർണാഭരണവും പണവും അടങ്ങിയ പഴ്സ് മോഷ്ടിച്ചയാളെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര കുറുന്തോട്ടം വെമ്പന്നൂർ രേവതി ഭവനിൽ മധുസൂദനൻ നായർ (58) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. വെങ്ങാനൂർ വെള്ളാർ ഒലിപ്പുവിള ശിവക്ഷേത്രത്തിന് സമീപം സായുജ്യ ഭവനിൽ വിജയകുമാരി അമ്മയുടെ മകൾ വി. സുജിതയുടെ (30) മൂന്നരപ്പവൻ വരുന്ന സ്വർണാഭരണവും പണവും സൂക്ഷിച്ചിരുന്ന പഴ്സാണ് പ്രതി കവർന്നത്.
ആശുപത്രിയിൽ ഒരു രോഗിക്ക് കൂട്ടിരിപ്പുകാരനായി ഉണ്ടായിരുന്ന ഒരാളെ കാണാതായ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.