ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം അർപ്പിച്ച് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ
1567212
Saturday, June 14, 2025 6:54 AM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം അർപ്പിച്ച് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ എക്സലൻസ് ഡേ-2025 സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സബ് കളക്ടർ ഒ.വി. ആൽഫ്രഡ് നിർവഹിച്ചു.
പാഠ്യപാഠ്യോതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിനായിരിക്കണം വിദ്യാർഥികൾ ഊന്നൽ നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ എസ്.എ. ഋതിക, ഹയർ സെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജഗത് അജിത്, എല്ലാ വിഷയത്തിനും എ വണ്‍ നേടിയവർ, ഓരോ വിഷയത്തിനും മുഴുവൻ മാർക്ക് നേടിയവർ എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു. അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു.
ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ചു. ഫാ.മാർട്ടിൻ മള്ളാത്ത് സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ ഉപഹാരങ്ങൾ കൈമാറി. ഫാ.സേവ്യർ അന്പാട്ട് സിഎംഐ, കുമാരി ദേവനന്ദന, ഉമ ശൈലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അക്കാദമിക് കോ-ഓർഡിനേറ്റർ ജയജേക്കബ് കോശി, പ്രോഗ്രാം കണ്‍വീനർമാരായ വിനീത ജോസഫ്, ഷീജ മേരി ജേക്കബ് എന്നിവർ നേതൃത്വം നൽകി.