നെയ്യാറ്റിന്‍കര നഗരസഭയില്‍ ആര്‍ആര്‍എഫ് ആരംഭിച്ചു
1566940
Friday, June 13, 2025 7:06 AM IST
നെയ്യാറ്റിൻകര: നഗരസഭയുടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) യൂണിറ്റ് അമരവിളയില്‍ യാഥാര്‍ഥ്യമായി. നഗരസഭയുടെ ഏക ആര്‍ആര്‍എഫ് യൂണിറ്റാണിത്. ഇവിടെ നേരത്തെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്)യൂണിറ്റ് പ്രവര്‍ത്തിച്ച് വരികയായിരുന്നു. നഗരസഭയുടെ നിയന്ത്രണത്തില്‍ അമരവിള ഉള്‍പ്പെടെ മൂന്നു എംസിഎഫ് യൂണിറ്റുകളാണുള്ളത്. ആറാലുംമൂട്, തൊഴുക്കല്‍ എന്നിവിടങ്ങളിലാണ് മറ്റുള്ള രണ്ടെണ്ണം.
ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് ആര്‍ആര്‍എഫിന്റെ പ്രവർത്തനം നിലവില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നഗരസഭയുടെ ഹരിതകര്‍മ സേനാംഗങ്ങളാണ് ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുക. നിലവിൽ പരിശീലനവും ക്രമീകരണവും ആണ് നടക്കുന്നത്.
ആര്‍ആര്‍എഫിന്റെ ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, എന്‍. കെ അനിതകുമാരി, ആര്. അജിത, കൗണ്‍സിലര്‍മാരായ ഷിബുരാജ് കൃഷ്ണ, കല, പ്രസന്നകുമാര്‍, ബിനു, അമാസ് കേരള ഡയറക്ടര്‍ ടോമി ജോണ്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.