ശ്രീചിത്തിര തിരുനാൾ ട്രസ്റ്റ് കെ. ജയകുമാറിനെ ആദരിച്ചു
1569940
Tuesday, June 24, 2025 5:46 AM IST
വെള്ളറട: 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ഡ് നേടിയ കെ. ജയകുമാറിനെ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളും ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റും ചേർന്ന് ആദരിച്ചു. തമ്പാനൂരിലെ ഹോട്ടല്‍ ദിമോറയില് നടന്ന സമ്മേളനത്തില്‍ പാട്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാഥിതിയായിരുന്നു. ട്രസ്റ്റ് ചെയര്‍മാനും മുന്‍ അംബാസിഡറുമായിരുന്ന ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ട്രസ്റ്റി സതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് അവാര്‍ഡിനർഹമായ ജയകുമാറിന്റെ പിംഗളകേശിനി എന്ന കവിതാസമാഹാരത്തിന്റെ അവലോകനം പ്രഫ. ലേഖ നരേന്ദ്രന് നിര്‍വഹിച്ചു. ജയകുമാറിന്റെ പുതിയ കവിതാസമാഹാരം - പ്രണയത്തിന്റെ അധര മുദ്രകളുടെ പ്രകാശനം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ശ്രീകല നിര്‍വഹിക്കുകയും അതില്‍ ഉള്‍പെട്ട കവിതകളെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.
എന്‍എസ്എസ് കോളജ് അസിസ്റ്റന്റ് പ്രഫ. ലക്ഷ്മിദാസ്, അധ്യാപകനും യുവകവിയുമായ സുമേഷ് കൃഷ്ണന് എന്നിവര്‍ ജയകുമാര്‍ രചിച്ച കവിതകളുടെ ആലാപനം നടത്തി. ശ്രീ ചിത്തിര തിരുനാള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. പുഷ്പവല്ലി നന്ദി പ്രകാശിപ്പിച്ചു.