വാഹനങ്ങൾ പാതയോരത്ത്: വൻ അപകടഭീഷണി
1569942
Tuesday, June 24, 2025 5:46 AM IST
മാറനല്ലൂർ: വാഹനങ്ങൾ പാതയോരത്ത്; വൻ അപകട ഭീഷണിയും. അപകടങ്ങളെത്തുടർന്നും തകരാറു കാരണവും നിന്നുപോയ വാഹനങ്ങൾ പാതയോരത്തുനിന്നു മാറ്റാതെ കിടക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നു.
ഊരൂട്ടമ്പലം-തിരുവനന്തപുരം റോഡിൽ ഗവ. എൽപി സ്കൂളിനു സമീപത്തായാണ് ഒരു പിക്കപ്പ് ഓട്ടോയും രണ്ടു കാറുകളും വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. വാഹനങ്ങൾ പാതയോരത്തോടു ചേർന്നുകിടക്കുന്നതു കാരണം കാൽനടയാത്രക്കാർക്ക് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ കഴിയുന്നുള്ളൂ. പഞ്ചായത്തിനും പോലീസിനും നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ അടുത്തിടെയായി മാലിന്യം കൊണ്ടിടുന്നതും പതിവായിട്ടുണ്ട്. കോഴിമാലിന്യം ഉൾപ്പെടെ ചാക്കിൽകെട്ടി തള്ളുന്നതു കാരണം തെരുവുനായകളുടെ ശല്യവും പ്രദേശത്ത് വർധിച്ചിട്ടുണ്ട്. സ്കൂൾ അധ്യയനവർഷം ആരംഭിച്ചതോടെ കുട്ടികൾക്കുൾപ്പെടെ ഇപ്പോൾ റോഡിൽക്കയറി നടക്കേണ്ടിവരുന്നതും, തെരുവുനായകളുടെ ഭീഷണിയും കൂടുതൽ ബുദ്ധിമുട്ടാക്കുന്നതായാണ് പരാതി.