സംരംഭ സൗഹൃദം: കൂടുതൽ സംരംഭങ്ങളുമായി പെരിന്തൽമണ്ണ നഗരസഭ
1223406
Wednesday, September 21, 2022 11:54 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി നടപ്പിലാക്കുന്ന "നെസ്റ്റ് മിഷൻ" പദ്ധതിയുടെയും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച "എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെയും ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിൽ 2022 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പുതിയതായി 99 സംരംഭങ്ങൾ ആരംഭിച്ചു
. ഈ സംരംഭങ്ങൾ വഴി 9 കോടി 71 ലക്ഷം രൂപയുടെ നിക്ഷേപവും മുന്നൂറിലധികം തൊഴിലവസരങ്ങളും പെരിന്തൽമണ്ണയിൽ സാധ്യമാകും. പെരിന്തൽമണ്ണയിലെ സംരംഭ മേഖലയിലെ വലിയ മുന്നേറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
സംരഭകർക്ക് പുതിയ സംരഭങ്ങളുടെ കൂടുതൽ സാധ്യതകളെ കുറിച്ചറിയുന്നതിനും നിയമപരവും മറ്റു സാങ്കേതികവുമായ സഹായങ്ങൾ നൽകുന്നതിനുമായി വ്യവസായ വകുപ്പിന്റെ ഇന്റെണ്സുകളുടെ സേവനം ഹെൽപ് ഡെസ്ക് വഴി നഗരസഭയിൽ ലഭ്യമാണ്. പെരിന്തൽമണ്ണയെ സംരംഭസൗഹൃദമാക്കി മാറ്റുന്നതിനായി വ്യവസായ വാണിജ്യ വകുപ്പും നഗരസഭയും സംയുക്തമായി ലൈസൻസ്/വായ്പ/സബ്സിഡി മേള സംഘടിപ്പിച്ചിരുന്നു.
ദൈനംദിനമാവശ്യമുള്ള ഗുണമേന്മയുള്ള ടോയിലറ്ററീസ് ഉൽപ്പന്നങ്ങൾ നഗരസഭയിൽ തന്നെ ഉൽപാദിപ്പിച്ചു വിതരണം ചെയുന്നതിനായി വന്ന സംരഭക സംഘത്തിന് നഗരസഭയുടെ നേതൃത്വത്തിൽ പാലക്കാട് ഏകദിന പരിശീലനം നൽകിയിരുന്നു.
ഇത്തരത്തിൽ താല്പര്യപൂർവം വരുന്ന സംരംഭകരെ തടസങ്ങളില്ലാതെ അവരുടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ വിവിധ രീതിയിലുള്ള സഹായമൊരുക്കിയതിന്റെ കൂടി ഫലമായാണ് കൂടുതൽ സംരംഭങ്ങൾ പെരിന്തൽമണ്ണയിൽ ആരംഭിക്കുന്നത്.