മരംമുറി നിർത്തിവച്ചതു സിപിഎം ഇടപെടലിനെ തുടർന്നാണെന്നു നേതാക്കൾ
1244345
Wednesday, November 30, 2022 12:02 AM IST
നിലന്പൂർ: കനോലിയിലെ വിവാദ മരംമുറി വനം വകുപ്പ് നിർത്തിവച്ചത് സിപിഎം ഇടപെട്ടതിനെ തുടർന്നെന്നു നിലന്പൂർ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷൻ.
നിലന്പൂർ വുഡ് ഇൻഡസ്ട്രീസ് പൂട്ടിയതോടെ കാടുമൂടി നശിക്കുന്ന അരുവാക്കോട്ടിലെ വനം ക്വാർട്ടേഴ്സ് പ്രദേശം പുതിയ ദ്രുതകർമസേനയുടെ കെട്ടിടങ്ങളുടെ നിർമാണ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കനോലിപ്ലോട്ടിലെ വിവാദമരം മുറി സ്ഥലം ഏരിയാ കമ്മിറ്റി അംഗങ്ങൾക്കൊപ്പം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പദ്മാക്ഷൻ.
കനോലി പ്ലോട്ടിലെ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രിയോടു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തിങ്കളാഴ്ച തന്നെ മരംമുറി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. കനോലിയിലെ പുതിയ കെട്ടിട നിർമാണത്തിനു വേണ്ടി കഐൻജി പാതയുടെ സൗന്ദര്യം വിളിച്ചോതുന്ന മരങ്ങൾ ഉൾപ്പെടെ മുറിക്കുന്നതിനു പകരം പഴയ ക്വാർട്ടേഴ്സുകൾ ഉപയോഗപ്പെടുത്തണം.
കഐൻജി റോഡിന് ചേർന്നുള്ള നിരവധി വനം ക്വാർട്ടേഴ്സുകളാണ് കാടുമൂടി നശിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചതാണ് ഇവയെല്ലാം. മരം,തടി വ്യവസായ കേന്ദ്രത്തിലെ ജീവനക്കാർ താമസിക്കാൻ വേണ്ടി നിർമിച്ചതാണ് ക്വാർട്ടേഴ്സുകൾ. നബാർഡ് ഫണ്ട് ഉപയോഗിച്ച് നിലന്പൂർ കനോലി പ്ലോട്ടിന് സമീപം വരുന്ന ദ്രുതകർമ സേനയും വെറ്ററിനറി ആശുപത്രിയും അടങ്ങുന്ന കോംപ്ലക്സ് പഴയ വുഡ് ഇൻഡസ്ട്രീസ് കെട്ടിടം നിൽക്കുന്ന സ്ഥലത്ത് നിർമിക്കാൻ തയാറാകണം. പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് കെട്ടിടത്തിന്റെ കാലപഴക്കം നിർണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദ മരംമുറിയുടെ അടിസ്ഥാനത്തിൽ സിപിഎം നേതാക്കൾ നിലന്പൂർ നോർത്ത് ഡിഎഫ്ഒയുമായി കൂടിക്കാഴ്ച നടത്തി. കോണ്ഗ്രസിന് വനഭൂമി സംരക്ഷണത്തിനു താൽപര്യമുണ്ടായതിനെ സ്വാഗതം ചെയ്യുന്നു. നിലന്പൂരിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു കാര്യവും സിപിഎം അനുവദിക്കില്ല. ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കക്കാടൻ റഹീം, അരുമ ജയകൃഷ്ണൻ, ടി. ഹരിദാസൻ, വെട്ടുമ്മൽ ശ്രീധരൻ എന്നിവരാണ് സന്ദർശനത്തിന് ശേഷം ഡിഎഫ്ഒയുമായി കൂടിക്കാഴ്ച നടത്തിയത്.