പഞ്ചായത്തംഗങ്ങൾ എൻജിനിയറെ തടഞ്ഞു
1244665
Thursday, December 1, 2022 12:25 AM IST
കാളികാവ് : പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറില്ല. ബദൽ ചുമതലയുള്ള എൻജിനീയർ തിരിഞ്ഞു നോക്കുന്നുമില്ല ഇതേത്തുടർന്നു ക്ഷുഭിതരായ പഞ്ചായത്തംഗങ്ങൾ കാളികാവ് ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ പി. മുഹമ്മദലിയെ ബ്ലോക്ക് ഓഫീസിൽ മണികൂറുകളോളം തടഞ്ഞുവച്ചു.
കാളികാവ് പഞ്ചായത്തിൽ എൻജിനീയർ ഇല്ലാത്തതിനാൽ നടപ്പുസാന്പത്തിക വർഷം വികസന പ്രവർത്തനളെല്ലാം മുടങ്ങുമെന്നു ഉറപ്പായതിനെ തുടർന്ന് ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ചു ചേർന്നാണ് ബ്ലോക്കിലെത്തിയത്. കാളികാവ് പഞ്ചായത്തിൽ എൻജിനീയർ ഇല്ലാതായിട്ട് ഒരു വർഷം കഴിഞ്ഞു. കഴിഞ്ഞ വർഷം എൻജിനീയർ ഇല്ലാതിരുന്നിട്ടും പഞ്ചായത്തിലെ ഓവർസിയറും സെക്രട്ടറിയും ചേർന്നു മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കിയിരുന്നു. എന്നാൽ ഈ സാന്പത്തിക വർഷം ഈ പ്രശ്നം പരിഹരിക്കുന്നതിനായി എടപ്പറ്റ പഞ്ചായത്തിലെ എഇയ്ക്ക് കാളികാവിന്റെ കൂടി ചുമതല നൽകിയിയെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. വിവിധ പദ്ധതികൾക്കായി 145 പ്രവൃത്തികളാണ് ഈ വർഷം കാളികാവിൽ പൂർത്തിയാക്കാനുള്ളത്. എന്നാൽ ഇതിൽ ഒന്നിന്റെ പോലും ബജറ്റും ടിഎസും തീരുമാനിച്ചിട്ടില്ല. 2023 മാർച്ചിന്റെ മുന്പ് പണി പൂർത്തിയാക്കാൻ ഇനി നാലു മാസം ബാക്കി നിൽക്കെ പൂർത്തിയാക്കേണ്ട പദ്ധതികൾ മുഴുവനും ലാപ്സായിപ്പോയേക്കുമെന്നാണ് ആശങ്ക. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു എൻജിനീയറുടെ ഉറപ്പു ലഭിക്കാതെ എൻജിനീയറുടെ ഓഫീസിൽ നിന്ന് പുറത്തു പോകില്ലെന്നു ജനപ്രതിനിധികൾ ശഠിച്ചു. തുടർന്നു സംഭവം ഉടനെ മുകളിലേക്കു റിപ്പോർട്ട് ചെയ്യാമെന്നു ഉറപ്പു ലഭിക്കുകയും താൽക്കാലിക എഇയോട് ഉടനെ പ്രവൃത്തികൾ ഏറ്റെടുത്തു നടപ്പാക്കാനുള്ള ഉത്തരവ് നൽകുകയും ചെയ്തു. പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിച്ച ഉറപ്പു ലഭിച്ചതിനു ശേഷമാണ് സമരക്കാർ പിരിഞ്ഞുപോയത്. പഞ്ചായഞ്ഞ് പ്രസിഡന്റ് ടി.കെ ഗോപിയുടെ നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും സമരത്തിൽ പങ്കെടുത്തു.