ഗൂഢല്ലൂരിൽ ബൈക്കപകടത്തിൽ വഴിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു
1245076
Friday, December 2, 2022 10:06 PM IST
എടക്കര: ഗൂഢല്ലൂരിനടുത്ത് ദേവർഷോല റോഡിൽ മീനാക്ഷിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികനു പരിക്കേറ്റു. വഴിക്കടവ് പുളിക്കലങ്ങാടി ചെറുവത്തൂർ മൊയ്തീൻ മായിന്റെ മകൻ മുഹമ്മദ് ജാബിർ (23) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന വണ്ടൂർ പള്ളിക്കുന്ന് പറയൻതൊടിക ഷഹൻഷക്കാണ് (22) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഷഹൻഷയെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം. ഗൂഢല്ലൂരിൽ ഷെയർ മാർക്കറ്റ് ജോലി ചെയ്യുന്നവരാണ് ഇരുവരും. രാത്രി 12.30 ന് തുടങ്ങുന്ന ലോകകപ്പ് ഫുട്ബോൾ മത്സരം കഴിഞ്ഞു റൂമിലേക്കു മടങ്ങുന്പോഴാണ് അപകടം. വളവിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ തേയില തോട്ടത്തിലേക്കു മറിയുന്നതിനിടെ മരത്തിലിടിച്ച് മുഹമ്മദ് ജാബിറിന് ഗുരുതര പരിക്കേറ്റു. ഗൂഢല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഗൂഢല്ലൂർ ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മാതാവ്: മറിയ. ഖമറുന്നിസ, നജ്മുന്നിസ, ഷാക്കിറ എന്നിവർ സഹോദരങ്ങളാണ്.