വധശ്രമക്കേസിൽ പ്രതികൾക്കു തടവും പിഴയും
1245247
Saturday, December 3, 2022 12:40 AM IST
താനൂർ: സിപിഎം താനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രദേശിക നേതാക്കളായ നാലു പേർക്കെതിരേ തിരൂർ അസിസ്റ്റന്റ് സെഷൻസ് കോടതി തടവും പിഴയും വിധിച്ചു. ബിജെപി ഒഴൂർ പഞ്ചായത്തംഗം പാറമ്മൽ ചന്ദ്രൻ, സോമസുന്ദരൻ, ദിലീപ്, സജീവ് എന്നിവർക്കെതിരേയാണ് മൂന്നു വർഷം തടവും അന്പതിനായിരം രൂപ വീതം പിഴയും കോടതി വിധിച്ചത്. ആയുധങ്ങളുമായി ലഹള നടത്തിയതിന് ഒരു വർഷം തടവും അന്യായമായി സംഘം ചേർന്നതിനു മൂന്നു മാസം തടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി ജയിൽവാസം അനുഭവിക്കണം. പിഴ സംഖ്യയിൽ ഒന്നര ലക്ഷം രൂപ പരിക്കേറ്റ ബാലകൃഷ്ണൻ ചുള്ളിയത്തിന് നൽകാനും കോടതി ഉത്തരവിട്ടു. 2012 ഓഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം. ഒഴൂർ ജംഗ്ഷന് സമീപം ഒഴൂർ വെള്ളച്ചാൽ റോഡിൽ വച്ച് ബാലകൃഷ്ണനെ പ്രതികൾ സംഘം ചേർന്നു ആയുധങ്ങൾ കൊണ്ടു അക്രമിക്കുകയായിരുന്നു. തലക്കും കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റു. കൈവിരൽ തുന്നിച്ചേർക്കുകയായിരുന്നു.
അഞ്ചാം പ്രതി സുകുമാരൻ കോടതിയിൽ ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൾ ടി.പി ജബ്ബാർ ഹാജരായി. പ്രതികൾക്കായി മാഞ്ചേരി കെ. നാരായണനും ഹാജരായി.