റോഡ് അറ്റകുറ്റപ്പണിയിൽ ക്രമക്കേടെന്നു ആരോപണം
1245532
Sunday, December 4, 2022 12:43 AM IST
നിലന്പൂർ: നിലന്പൂർ-നായാടംപൊയിൽ മലയോരപാതയിലെ അറ്റകുറ്റപ്പണിയിൽ ക്രമക്കേടെന്നാരോപണവുമായി നാട്ടുകാർ രംഗത്ത്. നിലന്പൂർ-നായാടംപൊയിൽ മലയോരപാതയിൽ മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള 12 കിലോമീറ്റർ ഭാഗത്തെ കുഴികൾ അടച്ച് ടാറിംഗ് നടത്തേണ്ട പ്രവൃത്തിയിലാണ് മൂലേപ്പാടം മുതൽ എസ് വളവ് വരെയുള്ള ഭാഗങ്ങളിൽ ക്രമക്കേട് നടന്നതെന്നു നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് മെറ്റൽ പതിച്ചതല്ലാതെ ടാറിംഗ്് പ്രവൃത്തി നടന്നിട്ടില്ലെന്നും റോഡ് നിർമാണത്തിനു കൊണ്ടുവന്ന ടാർ ഉൾപ്പെടെ കരാറുകാരൻ കയറ്റി കൊണ്ടുപോയതായും ഇവർ പറയുന്നു.
കിഫ്ബി ഫണ്ടിൽ കേരള റോഡ് ഫണ്ട് ബോർഡ് വിഭാഗമാണ് പ്രവൃത്തി നടത്തുന്നത്. ഫണ്ട് തികയാതെ വന്നതിനാലാണ് മൂലേപ്പാടം മുതൽ എസ് വളവ് വരെ പ്രവൃത്തി അടങ്കൽ പ്രകാരം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതെന്ന് പ്രവൃത്തിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. ഈ ഭാഗത്തെ പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള ഫണ്ടിനായി പദ്ധതി നൽകിയിട്ടുണ്ടെന്നും എ.ഇ പറഞ്ഞു. 12 കിലോമീറ്റർ റോഡിന്റെ ഏഴു കിലോമീറ്റർ ഭാഗത്തെ പ്രവൃത്തി നല്ല നിലയിൽ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ അഞ്ചു കിലോമീറ്റർ ഭാഗത്തെ പ്രവൃത്തിയാണ് തട്ടിക്കൂട്ടി പൂർത്തീകരിച്ചത്. ഈ ഭാഗത്ത് ടാർ ഉപയോഗിച്ചിട്ടു പോലുമില്ല. അതിനാൽ ദിവസങ്ങൾക്കുള്ളിൽ റോഡ് പഴയ പടിയാകുമെന്നും നാട്ടുകാർ പറയുന്നു.