ഭിന്നശേഷിക്കാർക്കു തൊഴിലവസരത്തിനു പദ്ധതിയായി
1245539
Sunday, December 4, 2022 12:43 AM IST
പെരിന്തൽമണ്ണ: ലോക ഭിന്നശേഷിദിനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെയും മൗലാന ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ’തൊഴിൽശേഷി എല്ലാവരും തുല്യർ’ എന്ന പേരിൽ ഭിന്നശേഷിക്കാർക്ക് തൊഴിലവസരത്തിനായി പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ഒന്നാം ഘട്ടത്തിൽ പെരിന്തൽമണ്ണ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ,മറ്റു സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ചുരുങ്ങിയത് ഒരാൾക്കെങ്കിലും തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണത്തിനു നഗരത്തിലെ വിവിധ മേഖലകളിലെ തൊഴിൽ ദാതാക്കളുമായി ചേർന്നു തൊഴിൽമേള സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നതായി ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
മൗലാനാ ഹോസ്പിറ്റലിലെ അക്കാഡമിക് ഹാളിൽ ചേർന്ന ചടങ്ങിൽ വിവിധ മേഖലകളിലുള്ളവർ ഭിന്നശേഷിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ അധ്യക്ഷനായിരുന്നു.
ഫാത്തിമ ഹവ്വ, അബ്ദുള്ള സാദിഖ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. വനജ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നജ്മ തബ്ഷീറ,പി.കെ അയമു, അസീസ് പട്ടിക്കാട്, മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധി ചമയം ബാപ്പു, ഐഎംഎ പ്രസിഡന്റ് ഡോ. ഷാജി അബ്ദുൾഗഫൂർ, മൗലാന അഡ്മിനിസ്ട്രേറ്റർ വിഎം സയിദ് മുഹമ്മദ്, മോട്ടിവേറ്റർ ഫിലിപ്പ് മന്പാട്, ബ്ലോക്ക് മെംബർമാരായ മുഹമ്മദ് നയീം, ഗിരിജ, സൽമ, ഡോ. നിള മുഹമ്മദ്, പീതാംബരൻ ആനമങ്ങാട്, മുൻ എസ്പി യു. അബ്ദുൾകരീം, ഷംനാസ് (ഫാമിലി വെഡിംഗ് സെന്റർ), അബ്ദുൾകരീം (സഫ ജ്വല്ലറി), മുസ്തഫ തോരപ്പ, ബ്ലോക്ക് മെംബർ പ്രബീന ഹബീബ്, ജില്ലാ എകെഡബ്ല്യു ആർഎഫ് പ്രസിഡന്റ് സലീം കിഴിശേരി എന്നിവർ പങ്കെടുത്തു.