ബ്രൗണ്‍ ഷുഗറുമായി രണ്ടു പേർ പിടിയിൽ
1262020
Wednesday, January 25, 2023 12:35 AM IST
മഞ്ചേരി: വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വിൽപ്പന നടത്തിയ അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയിൽ. സംഘത്തലവൻ കൊണ്ടോട്ടി പുളിക്കൽ സ്വദേശി വായന്പാടി വീട്ടിൽ ഷൈജു എന്ന പുളിക്കൽ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡിൽ തെക്കേങ്ങര വീട്ടിൽ നിഷാദ് (32) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തു വച്ചാണ് വിപണിയിൽ അര ലക്ഷത്തോളം വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി ഇവരെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിതായി പോലീസ് പറഞ്ഞു.
പിടിയിലായ ഷൈജുവിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നർക്കോട്ടിക്ക് കേസുകളും കൊലപാതക ശ്രമം, ക്വട്ടേഷൻ, പിടിച്ചുപറി ഉൾപ്പെടെ 20 കേസുകൾ നിലവിലുണ്ട്. നിഷാദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.