തൊഴിലിടങ്ങളിൽ പരാതി പരിഹാര കമ്മിറ്റികളുടെ പ്രവർത്തനം ഉറപ്പാക്കണം: വനിതാ കമ്മീഷൻ
1262021
Wednesday, January 25, 2023 12:35 AM IST
മലപ്പുറം: തൊഴിലിടങ്ങളിലെ പരാതികൾ ബോധിപ്പിക്കാനും തീർപ്പാക്കാനും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവർത്തനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിദ്യാലയങ്ങളിൽ അധ്യപികമാർക്ക് പരാതികളുമായി സമീപിക്കാൻ ആഭ്യന്തര കമ്മിറ്റികൾ ശക്തിപ്പെടുത്തേണ്ടതു അത്യാവശ്യമാണെന്നും അവർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ ആകെ 42 പരാതികളാണ് പരിഗണിച്ചത്.
ഇതിൽ 14 പരാതികൾ തീർപ്പാക്കി. ഒരു പരാതി ജാഗ്രത സമിതിയിലേക്കും എട്ടെണ്ണം പോലീസ് റിപ്പോർട്ടിനും അയച്ചു. ബാക്കി 21 പരാതികൾ ഫെബ്രുവരി 19 ന് നടക്കുന്ന അടുത്ത അദാലത്തിലേക്കു മാറ്റി.
ഓണ്‍ലൈൻ പരാതികൾ വനിതാ സംരക്ഷണ ഓഫീസർ മുഖാന്തിരം നേരിട്ട് ഇടപെട്ട് പരിഹരിക്കുന്നതിനാൽ അദാലത്തിൽ വരുന്ന പരാതികളുടെ എണ്ണത്തിൽ കുറവു വരുന്നതായി കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ മഹിളാ മണി, അഭിഭാഷകരായ സുകൃത കുമാരി, അഡ്വ. ഷീന എന്നിവർ പങ്കെടുത്തു.