സാമൂഹ്യവിരുദ്ധർ പുഴയിൽ ചത്ത കോഴികളെ തള്ളി
1262297
Thursday, January 26, 2023 12:16 AM IST
എടക്കര: വഴിക്കടവ് പാലാട് കോസടിപ്പാലത്തിന് ചുവട്ടിൽ സാമൂഹ്യ വിരുദ്ധർ ചത്ത കോഴികളെ തള്ളി. പാലാട്-മരുത റൂട്ടിൽ കാരക്കോടൻ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് ചുവട്ടിലാണ് കോഴി ഫാമിൽ നിന്നുള്ള ചത്ത കോഴികളെ തള്ളിയത്.
പുഴയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കുടിവെള്ള പദ്ധതികളുടെ കിണറുകൾ സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശത്തെ ആളുകൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കുന്നതിനും സ്ഥിരമായി ഈ പുഴയെയാണ് ആശ്രയിക്കുന്നത്. മുന്പ് കക്കൂസ് മാലിന്യങ്ങൾവരെ സാമൂഹ്യവിരുദ്ധർ പുഴയുടെ ഈ ഭാഗത്ത് നിക്ഷേപിച്ചിരുന്നു. അന്ന് നിരീക്ഷണ കാമറയുടെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു. കോഴി ഫാമുകളിൽ നിന്നു ചാകുന്ന കോഴികളെ സ്ഥിരമായി ഇവിടെ തള്ളാറുണ്ടെന്നു നാട്ടുകാർ പറയുന്നു. പുഴയിലെ ജലം മലിനമാകുന്നതിന് പുറമെ സാംക്രമിക രോഗങ്ങൾ പടരുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു കാരണം. മദ്യപശല്ല്യവും ഇവിടെ രൂക്ഷമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.